sabarimala-worksiunfinished-21123

തീര്‍ഥാടനത്തിന് മുമ്പ് തീര്‍ക്കേണ്ട പല പണികളും പാതിവഴിയിലായത് ദേവസ്വം ബോര്‍ഡിന്‍റെ അനാസ്ഥകൊണ്ടെന്ന് ആരോപണം. പമ്പയിലെ നടപ്പന്തല്‍ നിര്‍മാണം പാതി വഴിയിലാണ്. പതിനെട്ടാം പടിയിലെ മേല്‍ക്കൂര നിര്‍മാണവും പൂര്‍ത്തിയായില്ല. മഴയത്തായിരുന്നു ശബരിമല പാതയിലെ ടാറിങ്ങ്.

 

ദേവസ്വംബോര്‍ഡിന്‍റെ പലപണികളും കണ്ടാല്‍ നടതുറക്കല്‍ പെട്ടെന്നു പ്രഖ്യാപിച്ച മട്ടിലാണ്. നടതുറക്കുന്നതിന് 20 ദിവസം മുന്‍പാണ് പമ്പയിലെ നടപ്പന്തല്‍ നിര്‍മാണം തുടങ്ങിയത്. ഇടയ്ക്ക് വനംവകുപ്പ് ഉടക്കിട്ടു. പിന്നീട് നടതുറക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് വീണ്ടും പണിതുടങ്ങിയത്. സന്നിധാനത്ത് തിരക്കേറുമ്പോള്‍ പമ്പയില്‍ തടയുന്ന തീര്‍ഥാടകര്‍ക്ക് വെയിലും മഴയും കൊള്ളാതെ നില്‍ക്കാനുള്ള സംവിധാനമാണ് അവസാനനിമിഷം തുടങ്ങിയത്. തീര്‍ഥാടനത്തിന് മുന്‍പ് തീര്‍ക്കുമെന്ന് പറഞ്ഞ പതിനെട്ടാം പടിയിലെ ഹൈഡ്രോളിക് മേല്‍ക്കൂര നിര്‍മാണവും പാതിവഴിയില്‍ നിര്‍ത്തി. മേല്‍ക്കൂരയ്ക്കുള്ള തൂണുകള്‍ പതിനെട്ടാം പടിയുടെ ഭംഗി നശിപ്പിച്ചെന്നും സിനിമാ സെറ്റുപോലെ ആയി എന്നുമാണ് വിമര്‍ശനം. പണി പൂര്‍ത്തിയാവില്ലെന്നുറപ്പായതോടെ മുകള്‍‍ഭാഗം അഴിച്ചുനീക്കിയിരുന്നു.

 

അവസാനനിമിഷമാണ് റോഡുകളുടെ അറ്റകുറ്റപ്പണി നടന്നത്. നടതുറക്കുന്നതിന്‍റെ തലേദിവസം വരെ മഴയത്ത് ടാറിങ്ങായിരുന്നു. പാതയില്‍ പലയിടത്തും കൃത്യമായി കാടു തെളിച്ചിട്ടില്ല. നിര്‍മാണങ്ങളിലെ കോണ്‍ക്രീറ്റിന് എംസാന്‍റിന് പകരം പാറപ്പൊടി ഉപയോഗിക്കുന്നു എന്ന പരാതിയുമുണ്ട്. സന്നിധാനത്തെ ദേവസ്വം മെസ് അടക്കം പ്രതിസന്ധിയിലായിരുന്നു. ഭക്ഷണം മോശമായതോടെ ജീവനക്കാര്‍ പ്രതിഷേധിച്ചപ്പോഴാണ് പുതിയ കരാര്‍ നല്‍കിയത്. മാലിന്യനീക്കവും ശുചിമുറി അറ്റകുറ്റപ്പണികളും പൂര്‍ത്തിയായിട്ടില്ലെന്നും ആരോപണമുണ്ട്.

 

Many works in Sabarimala to be completed before the pilgrimage are half way due to the negligence of the Devaswom Board.