Mariyakutty

"ഈ കളിയൊന്നും എന്‍റെയടുത്ത് നടക്കൂല്ലെന്നും കൂട്ടില്‍ കേറിയിരിക്കാന്‍ രാജാവാണോ പിണറായി വിജയനെന്നും മറിയക്കുട്ടി. 

ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് അടിമാലിയിൽ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ചതിനു പിന്നാലെ, ഒരു മാസത്തെ പെൻഷൻ നൽകിയ ചടങ്ങിനിടെയായിരുന്നു മാധ്യമങ്ങളുടെ മുന്നില്‍ മറിയക്കുട്ടിയുടെ രൂക്ഷപ്രതികരണം. അടിമാലി സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ മറിയക്കുട്ടിയുടെ വീട്ടിലെത്തിയാണ് ജൂലൈ മാസത്തെ പെൻഷൻ തുകയായ 1600 രൂപ നൽകിയത്. നാല് മാസത്തെ പെൻഷൻ തുക ലഭിക്കാനുണ്ടെന്നും ഇത് വേഗത്തിൽ നൽകിയില്ലെങ്കിൽ വീണ്ടും തെരുവിലേക്കിറങ്ങുമെന്നും മറിയക്കുട്ടി പറഞ്ഞു. വിഡിയോ കാണാം: 

മറിയകുട്ടിയുടെ വാക്കുകള്‍: ഈ രാജ്യം ഉണ്ടാക്കിയ ആളാണോ പിണറായി വിജയന്‍.? എനിക്ക് വേണ്ടിയല്ല പെന്‍ഷന്‍ കിട്ടാത്ത എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ സമരം നടത്തിയത്. കളിയൊന്നും എന്‍റെയടുത്ത് നടക്കൂല്ല. ഞങ്ങള്‍ക്കും നല്ല ഭക്ഷണം ഒക്കെ വാങ്ങണ്ടേ. അരി മേടിക്കണം. ഇറച്ചി മേടിക്കണം. കടം മേടിച്ചാണ് ചായ കുടിച്ചത്.  അത് കൊടുക്കണം. ഈ കാശ് ആരെ ബോധിപ്പിക്കാനാണ്. എന്തിനാണ് കൊണ്ടുവന്നത്. എല്ലാവര്‍ക്കും കിട്ടാനുള്ളത് കിട്ടണം.

ഇവര് ഓണത്തിന് ഊഞ്ഞാലാടുകയായിരുന്നല്ലോ. ഞങ്ങള്‍ക്കും കെട്ടി ത്താ ഊഞ്ഞാല്‍, ഞങ്ങളും ആടട്ടെ. ഇവരെന്താണ് ചെയ്യുന്നത് ഇവിടെ. ഞങ്ങള് പട്ടിണിയല്ലേ. ഇവരെന്താണ് ഞങ്ങള്‍ക്ക് ചെയ്യുന്നത്. ഇവര് ഇങ്ങനെ കാണിച്ചാല്‍ ജനം പോയെന്നിരിക്കും. ബിജെപിയില്‍ പോകും.  ലീഗില്‍ പോകും. നക്സലറ്റാവാന്‍ പോകും.  അങ്ങനെ എവിടേലും പോകും. കഞ്ഞി കിട്ടുന്നിടത്തല്ലേ പോവാന്‍ പറ്റൂ. വിദേശത്ത് മുഴുവനും കമ്പനിയും കള്ളക്കടത്തും. എന്നിട്ട് സ്വപ്നയെ അറിയില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയാണ് പറയുന്നത് അറിയില്ലെന്ന്.. എന്താണ് പറയുന്നത്.? ഇങ്ങനെ ഒരു മന്ത്രിയുണ്ടായിട്ടുണ്ടോ.? 

പിണറായി എന്ത് പറ‍ഞ്ഞാണ്  അധികാരത്തില്‍ കയറ്റിയത്.? തൊഴിലാളി വര്‍ഗം സിന്ദാബാദ് എന്ന് പറ‍ഞ്ഞാണ് കയറിയത്. എന്നിട്ടെന്തായി, ആരാണ് തൊഴിലാളി..? പിണറായിയാണോ കൂടെയുള്ള പാപ്പാന്‍മാരാണോ?  ഞങ്ങളല്ലേ  അപ്പോ ഞങ്ങള്‍ക്ക് വേണ്ടത് തരണ്ടേ...?    

 


നവകേരളസദസ് നടക്കുന്നിടത്ത് പോകുന്നില്ല. നിറയെ പട്ടാളമല്ലേ. അവര് മാറിത്തരണം. പറ്റില്ലെങ്കില്‍ ഒഴിവായിത്തരണം, നല്ലോണം ഭരിക്കുന്ന വേറെ പിള്ളേര് ഇവിടെയുണ്ട്. ജനങ്ങളുടെ വയറ്റിപ്പിഴപ്പാണ് വിഷയം. അത് നടപ്പാകണം.  മുഴുവന്‍പേര്‍ക്കും മുഴുവന്‍ തുകയും കിട്ടിയില്ലെങ്കില്‍ സമരം ഇനിയുമുണ്ടാകും..’ മറിയകുട്ടി പറഞ്ഞു നിര്‍ത്തി.