ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഉള്ള കേന്ദ്ര സര്‍ക്കാരിന്‍റെ റൂസ ഫണ്ട് ഇത്തവണ കേരളത്തിന് നഷ്ടമായേക്കും എന്ന ആശങ്ക ഉയരുന്നു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചതോടെയാണ് പദ്ധതി അനിശ്ചിതത്വത്തിലായത്.  കഴിഞ്ഞ രണ്ടു ഘട്ടങ്ങളിലായി 565 കോടിയാണ് റൂസ ഫണ്ടായി സംസ്ഥാത്തിന് കിട്ടിയത്. 

 

രാഷ്ട്രീയ ഉഛസ്തര്‍ ശിക്ഷാ അഭിയാന്‍ അഥവാ റൂസ എന്ന പദ്ധതിയുടെ ഫണ്ട്  സംസ്ഥാനങ്ങള്‍ക്ക്  ലഭിക്കുന്നതിനുള്ള ആദ്യനടപടി കേന്ദ്രവുമായി എം.ഒ.യു ഒപ്പിടുകയാണ്. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാമെന്നതാണ് എം.ഒ.യു വിലെ  ആദ്യ നിബന്ധന. ഇത് സംസ്ഥാന സര്‍ക്കാരിന് സ്വീകാര്യമല്ല. കേന്ദ്രം ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്കുമില്ല. ഈ നിബന്ധന ഒഴിവാക്കിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് എം.ഒ.യു തയാറാക്കി ഒപ്പിട്ടയച്ചത്. ഇത് കേന്ദ്രം സ്വീകരിക്കാനിടയില്ലെന്ന് സംസ്ഥാന സര്‍ക്കാരിനറിയാം. 

 

റൂസയുടെ ഫണ്ട് 40 ശതമാനം സംസ്ഥാന വിഹിതവും 60 ശതമാനം കേന്ദ്ര വിഹിതവുമാണ്. പദ്ധതിയുടെ ആദ്യരണ്ടു ഘട്ടങ്ങളിലായി 565 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചു. ഇതില്‍ ഇനി 133 കോടി കൂടി ലഭിക്കാനുണ്ട്. അതില്‍ 81 കോടിയാണ് കേന്ദ്രം നല്‍കാനുള്ളത്.  ഇതുവരെ ലഭിച്ച തുക ഉപയോഗിച്ച് സംസ്ഥാനത്തെ സര്‍വകലാശാലകളും കോളജുകളും അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ഗവേഷണ പദ്ധതികള്‍ വരെ നടപ്പാക്കി വരികയാണ്. റൂസ ഫണ്ട് മുടങ്ങിയാല്‍ അത് ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതികൂലമായി ബാധിക്കും. ദേശീയ വിദ്യാഭ്യാസ നയം അപ്പടി നടപ്പാക്കാം എന്ന് സമ്മതിച്ചാല്‍ അതും വിദ്യാഭ്യാസ മേഖലക്ക് തിരിച്ചടിയാകും. ചര്‍ച്ചയ്ക്കുപോലും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം തയ്യാറായിട്ടില്ല. ഒന്നും രണ്ടും ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പദ്ധതിയുടെ പേരു തന്നെ കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്.  ഇപ്പോള്‍ റൂസ പി.എം ഉഷ എന്ന പേരിലാണ് അറിയപ്പെടുന്നത്.

Kerala may lose the central government's RUSA fund for higher education sector.