ep-jayarajan

ഇ.പി. ജയരാജന്‍ വ്യവസായ മന്ത്രി ആയിരുന്നപ്പോള്‍ സ്വകാര്യ മരുന്നു കമ്പനിയെ വഴിവിട്ട് സഹായിക്കുകയും വായ്പ തിരികെ പിടിക്കാതിരിക്കുകയും ചെയ്തതു വഴി സര്‍ക്കാരിന് 40 കോടി രൂപ നഷ്ടമുണ്ടെയെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഒാഡിറ്റര്‍ ജനറലിന്‍റെ കണ്ടെത്തല്‍. 72 കോടി തിരിച്ചടക്കാനുള്ള കൊച്ചിയിലെ സ്വകാര്യ മരുന്നു കമ്പനിക്ക് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ വീണ്ടും മൂന്ന് കോടി രൂപ പലിശരഹിത വായ്പ നല്‍കിയത് വ്യവസായ മന്ത്രിയുടെ  ഇടപെടലിനെ തുടര്‍ന്നാണെന്ന്  സിഎജി പറയുന്നു. നിയമപരമായ സഹായം മാത്രമെ നല്‍കിയിട്ടുള്ളൂ എന്ന് ഇ.പി.ജയരാജന്‍മനോരമ ന്യൂസിനോട് പറഞ്ഞു.  

ഒന്നാം പിണറായി സര്‍ക്കാരില്‍ ഇ.പി. ജയരാജന്‍ വ്യവസായ മന്ത്രി ആയിരിക്കുമ്പോഴാണ് കൊച്ചിയിലെ സ്വകാര്യ മരുന്ന് ഉത്പാദന കമ്പനിയായ വൈശാലി ഫാര്‍മസ്യൂട്ടിക്കല്‍സിന്  സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ വായ്പ അനുവദിക്കുന്നത്. 30 കോടി രൂപവിലമതിപ്പുള്ള ഭൂമി ഈടായി നല്‍കി 72 കോടി രൂപ കമ്പനി വായ്പ എടുത്തിരുന്നു. ഇത് തിരിച്ച് അടച്ചിട്ടില്ല. കെ.എസ്.ഐ.ഡി.സി വായ്പ തിരിച്ചു പിടിക്കാനുള്ള നടപടികള്‍സ്വീകരിച്ചില്ല എന്നു മാത്രമല്ല ഇത്രയും വലിയ തുക തിരിച്ചടക്കാനുള്ള കമ്പനിക്ക് 2019 ല്‍ വീണ്ടും മൂന്നു കോടി രൂപ വായ്പ അനുവദിച്ചതായും സി.എ.ജി കണ്ടെത്തി. വായ്പ തിരിച്ചു പിടിക്കാത്തതിനാല്‍ സര്‍ക്കാരിന് 40 കോടി രൂപ നഷ്ടം വന്നുവെന്നാണ് സി.എ.ജി പറയുന്നത് വായ്പ അനുവദിക്കുന്ന ഓരോ ഘട്ടത്തിലും വ്യവസായ മന്ത്രി ഇടപെട്ടുവെന്നും ഇത് കെ.എസ്.ഐ.ഡി.സി മാനേജ്മെന്‍റിനെ സ്വാധീനിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈടുവെച്ച ഭൂമി തിരിച്ചു പിടിക്കുന്നതിനും വ്യവസായ മന്ത്രിയുടെ ഓഫീസ് തടയിട്ടു. എന്നാല്‍ നിയമപരമായ സഹായം മാത്രമാണ് നല്‍കിയതെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. 

കെ.എസ്.ഐ.ഡി.സിയുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള പ്രത്യേക ഓഡിറ്റാണ് സിഎജി നടത്തിവരുന്നത്. കഴിഞ്ഞമാസം ഇത് കൈമാറിയിട്ടും ഇതുവരെ വ്യവസായ വകുപ്പ് സിഎജിക്ക് മറുപടി നല്‍കിയിട്ടില്ല.