വൃശ്ചികം മൂന്നാംതീയതി അവധിദിനമായിട്ടും സന്നിധാനത്ത് ഇന്ന് തിരക്ക് കുറവ്. ആകെ 38,000 തീര്‍ഥാടകരാണ് ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്. ആയിരങ്ങള്‍ വരിനില്‍ക്കാറുള്ള നടപ്പന്തല്‍ ശൂന്യമാണ്. സ്പോട്ട് ബുക്കിങ്ങിന് സമയം കൂടുതല്‍ എടുക്കുന്നു എന്ന് തീര്‍ഥാടകര്‍ക്ക് പരാതി ഉണ്ട്.
ആകെ 85000 തീര്‍ഥാടകര്‍ക്ക് ബുക്ക് ചെയ്യാനാണ് അനുമതിയുള്ളത്. സ്പോട്ട് ബുക്കിങ് അടക്കം ഒരുലക്ഷമാണ് പരമാവധി പരിധി. നിലവില്‍ പകുതി ബുക്കിങ്ങുപോലും എത്തിയിട്ടില്ല. ഇന്ന് ലോകകപ്പ് ഫൈനലും തിരക്ക് കുറയാന്‍ കാരണമായെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. തീര്‍ഥാടകര്‍ മൂന്നും നാലും വരി നില്‍ക്കുന്ന നടപ്പന്തല്‍ രാവിലെ ശൂന്യമായിരുന്നു. ഇന്നലെ നാല്‍പത്തിയേഴായിരം തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയത്. ബുക്കിങ്ങ് നിര്‍ബന്ധമാക്കിയിട്ട് മൂന്നുവര്‍ഷമായെങ്കിലും അതറിയാതെ എത്തുന്ന ഒട്ടേറെ തീര്‍ഥാടകരുണ്ട്. പമ്പയിലെ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവരുന്നതായി തീര്‍ഥാടകര്‍ പറയുന്നു.
പുല്ലുമേട് പാതയും സജീവമായില്ല. ഇന്നലെ 99 പേരാണ് പുല്ലുമേട് കാനനപാതയിലൂടെ എത്തിയത്. പന്ത്രണ്ട് വിളക്കിന് ശേഷം കൂടുതല്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങുന്നതാണ് രീതി. കഴിഞ്ഞ ബുധനാഴ്ച്ച വൈകിട്ടാണ് നട തുറന്നത്.
Number of devotees decreased in Sabarimala