p-abdul-hameed-kerala-bank

കേരള ബാങ്ക് ഭരണസമിതി അംഗമായി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എംഎല്‍എയെ തിരഞ്ഞെടുത്തതില്‍ യുഡിഎഫിനുളളില്‍ അമര്‍ഷം പുകയുന്നു. ലീഗിനുളളിലും സഹകരണമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം നേതാക്കളും വിഷയത്തില്‍ അസ്വസ്ഥരാണ്. 

 

കേരള ബാങ്കിനെതിരെയുളള നിലപാട് മുസ്‌ലിം ലീഗോ യുഡിഎഫോ തിരുത്തുന്ന തീരുമാനം എടുത്തിരുന്നില്ല. മലപ്പുറം ജില്ല ബാങ്കിനെ സിപിഎം സ്വാധീനത്തില്‍ നിര്‍ബന്ധപൂര്‍വം കേരള ബാങ്കില്‍ ലയിപ്പിച്ച നടപടിക്കെതിരെ ലക്ഷങ്ങള്‍ ചിലവഴിച്ച് നിയമയുദ്ധം നടത്തുന്ന ജില്ലയിലെ യുഡിഎഫ് സഹകരണ ബാങ്കുകളുടെ സഹായത്തോടെയാണ്. നിയമയുദ്ധം സുപ്രീംകോടതി വരെ എത്തി നില്‍ക്കുബോള്‍ അപ്രതീക്ഷിതമായി മുസ്‌ലിം ലീഗിന്‍റെ ജില്ല ജനറല്‍ സെക്രട്ടറി തന്നെ സിപിഎം താല്‍പര്യപ്രകാരം കേരള ബാങ്ക് ഭരണസമിതി അംഗമായതാണ് ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിനാകെ ഇരുട്ടടിയായത്. 

 

അതേസമയം പി. അബ്ദുല്‍ ഹമീദ് എംഎല്‍എയെ കേരള ബാങ്ക് ഭരണസമിതിയില്‍ അംഗമാക്കാന്‍ എന്തുകൊണ്ട് തീരുമാനിച്ചുവെന്ന പ്രവര്‍ത്തകരുടെ വൈകാരികമായ ചോദ്യത്തിന് മറുപടി പറയാനാകാതെ നേതാക്കളും പ്രതിരോധത്തിലാണ്. കേരള ബാങ്കിനെതിരെയുളള നിയമയുദ്ധവുമായി മുന്നോട്ടുപോകുമെന്ന നേതാക്കളുടെ പ്രഖ്യാപനത്തിന് ഇനി എത്ര ആത്മാര്‍ഥതയുണ്ടാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. കേസില്‍ മുസ്‌ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി കൂടിയായ പി. അബ്ദുല്‍ ഹമീദ് കേരള ബാങ്കിന് ഒപ്പം നില്‍ക്കുമോ അതോ യുഡിഎഫിനൊപ്പം നില്‍ക്കുമോ എന്ന സംശയവും ബാക്കിയാണ്.

 

Muslim League Malappuram District General Secretary P Abdul Hameed MLA appointed as bord member of Kerala Bank; anger rising in UDF