ആയിരങ്ങളെ സാക്ഷിയാക്കി പാലക്കാട് കൽപാത്തിയിൽ ദേവരഥ സംഗമം. നാല് ക്ഷേത്രങ്ങളിലെ അഞ്ച് രഥങ്ങൾ ഒരേ സമയം ഒത്തുചേരുന്ന ചടങ്ങ് കാണാൻ വിദേശികൾ ഉൾപ്പെടെ നിരവധിപേരാണ് എത്തിയിരുന്നത്. രാത്രിയിലും ദേവരഥങ്ങളെ വണങ്ങാന്‍ തിരക്കായിരുന്നു.
സൂര്യന്‍റെ രാശിപ്പതക്കം പടിഞ്ഞാറേക്ക് നീങ്ങുന്നതിനിടെ മേളം മുറുകി. വായു വേഗത്തിന്‍റെ പ്രൗഢിയില്‍ ഓരോ രഥങ്ങളും മുന്നോട്ട്. അലങ്കരിച്ച രഥങ്ങളിൽ മന്ത്രോച്ചാരണങ്ങളുമായി കുരുന്നുകളും. ചന്ദ്രക്കല മാനത്ത് തെളിഞ്ഞ സായം സന്ധ്യയിൽ നാല് ക്ഷേത്രങ്ങളിലെ ആറ് രഥങ്ങളും വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിലെ തേരുമുട്ടിയിലെത്തി. അഞ്ച് രഥങ്ങൾ കൈയ്യകലം നിന്ന് കണ്ടു തൊഴാനെത്തിയവർക്ക് കൺ നിറയെ കാഴ്ചയൊരുക്കി. വർണവും താളവും നിറയുന്ന നേരം കൽപാത്തിയിൽ ആണ്ടിലൊരിക്കൽ നിറയുന്ന വിസ്മയം ഒരിക്കല്‍ക്കൂടി.
വിദേശികളും മറ്റ് ജില്ലകളിൽ നിന്ന് എത്തിയവരും ഉള്‍പ്പെടെ കൽപാത്തിയുടെ ആചാരപ്പെരുമ നേരിട്ടറിഞ്ഞു. രാത്രി വൈകിയും ദർശനം കഴിഞ്ഞാണ് ദേവരഥങ്ങൾ പരസ്പരം വണങ്ങി മടങ്ങിയത്. അഗ്രഹാരങ്ങളിൽ എത്തി അനുഗ്രഹം ചൊരിഞ്ഞ ശേഷം ദേവീ ദേവന്മാർ ക്ഷേത്രങ്ങളിലേക്ക് മടങ്ങുന്നുവെന്നാണ് സങ്കൽപം. അടുത്ത തുലാമാസം വരെയുള്ള കാത്തിരിപ്പും സമ്മാനിച്ച്.
Devaratha Sangam at Palakkad Kalpathi