ഒമ്പത് വര്‍ഷം മുമ്പ് ശിക്ഷ അനുഭവിച്ച കേസില്‍ വീണ്ടും അറസ്റ്റ്. അഞ്ച് ദിവസത്തെ ജയില്‍ വാസം. ഒടുവില്‍, പിഴവ് തിരിച്ചറിഞ്ഞ് വിട്ടയയ്ക്കാന് ഉത്തരവ്. വര്‍ക്കല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റാണ് ഈ ഗുരുതര പിഴവ് വരുത്തിയത്. ഇരയായ കടയ്ക്കല്‍ ഇടത്തറ സ്വദേശി അഖില്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.
അഖിലിന്റെ ഈ ചോദ്യം നമ്മുടെ നീതിന്യായ വ്യവസ്ഥയോടാണ്. 2004ല്‍, തന്റെ പത്തൊമ്പതാം വയസ്സിലാണ് അഖിലും അമ്മ സലീലയും കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായത്. കീഴ്ക്കോടതികള്‍ വിധിച്ച മൂന്ന് മാസം തടവ് ശിക്ഷ, കോടതി മുറിയില്‍ ഒരു ദിവസത്തെ നില്പും ഇരുപതിനായിരം രൂപ പിഴയുമായി ഹൈക്കോടതി കുറച്ചു. 2014ല്‍ മാര്‍ച്ച് 27ന് പിഴയടച്ചു. അമ്മയോടൊപ്പം നില്‍പ്പ് ശിക്ഷ അനുഭവിക്കുകയും ചെയ്തു.
.
പക്ഷെ ഇതിന്റെ രേഖകളൊന്നും കോടതിക്ക് മുന്നിലില്ല. ശിക്ഷ കുറച്ച ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് സംഘടിപ്പിച്ച് അഖിലിന്റെ സഹോദരന് സമര്‍പ്പിച്ചതോടെയാണ്, മൂന്ന് മാസത്തെ തടവ് ശിക്ഷക്കായി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റെ തെറ്റാണെന്ന് കോടതിക്ക് മനസ്സിലായത്. പറ്റിയ തെറ്റിനെക്കുറിച്ചൊന്നും പറയാതെയാരുന്നു ഉത്തരവ്.