domenic-martine

 

കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പത്തുദിവസത്തിനുള്ളില്‍ പരമാവധി തെളിവെടുപ്പും ചോദ്യംചെയ്യലും അന്വേഷണസംഘം പൂര്‍ത്തിയാക്കി. വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നതിനെക്കുറിച്ച് ഇന്ന് തീരുമാനമുണ്ടാകും.

 

കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശബന്ധങ്ങളും, സാമ്പത്തിക സ്രോതസും കണ്ടെത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ ശ്രമം. വിദേശത്ത് വര്‍ഷങ്ങളോളം ജോലി ചെയ്ത മാര്‍ട്ടിന് മറ്റാരുടെയെങ്കിലും പ്രേരണയോ സഹായമോ കിട്ടിയിട്ടുണ്ടോയെന്നാണ് കൊച്ചി ഡി.സി.പി. എസ്.ശശിധരന്റെ നേതൃത്വത്തില്‍ പരിശോധിച്ചത്. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികളോട് പ്രതി സഹകരിക്കുന്നുണ്ടെന്നാണ് പൊലീസ് വിശദീകരണം. പത്തുദിവസത്തിനിടെ വളരെ വിപുലമായ തെളിവെടുപ്പ് അന്വേഷണസംഘം നടത്തി. 

 

സ്ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്ററിലെത്തിച്ച് തെളിവെടുത്തു. ബോംബ് ഘടിപ്പിച്ചതും പ്രവര്‍ത്തിപ്പിച്ചതുമടക്കമുള്ള കാര്യങ്ങള്‍ ഡൊമിനിക് മാര്‍ട്ടിന്‍ വിശദീകരിച്ചു. ആക്രമണത്തിനുശേഷം കീഴടങ്ങാനെത്തിയ കൊടകര പൊലീസ് സ്റ്റേഷനിലാണ് പ്രതിയുടെ സ്കൂട്ടര്‍ ഉണ്ടായിരുന്നത്. പ്രതിയെ കൊടകരയിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ സ്കൂട്ടറില്‍നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ റിമോട്ടുകള്‍ കണ്ടെടുത്തു. ഇത് ഉപയോഗിച്ചാണ് പ്രതി സ്ഫോടനം നടത്തിയത്. ബോംബ് നിര്‍മാണത്തിനുള്ള സര്‍ക്യൂട്ടുകള്‍, റിമോട്ടുകള്‍, പെട്രോള്‍, ഗുണ്ട് എന്നിവ വാങ്ങിയ സ്ഥലങ്ങളിലെത്തിച്ചും തെളിവുകള്‍ ശേഖരിച്ചു. തമ്മനത്തെ പ്രതിയുടെ വീട്ടിലുമെത്തിച്ചു. കൂടുതല്‍ അന്വേഷണം നടത്താനുണ്ടെന്നും പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നത് പരിഗണനയിലാണെന്നും പൊലീസ് അറിയിച്ചു.

Dominic Martin's custody ends today