കോവളത്ത് നഷ്ടപരിഹാരവിതരണത്തിനെത്തിയ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു. പക്ഷപാതമില്ലാതെ എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഒരുവിഭാഗം മത്സ്യത്തൊഴിലാളികള്‍ മന്ത്രിയെ തടഞ്ഞുവച്ചത്. പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കിയശേഷമാണ് മന്ത്രിക്ക് മടങ്ങാന്‍ സാധിച്ചത്. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു. പ്രശ്നപരിഹാരത്തിന് വൈകിട്ട് ചര്‍ച്ച നടത്തുമെന്ന് മന്ത്രി മനോരമ ന്യൂസിനോട് പ്രതികരിച്ചു.
വിഴിഞ്ഞം തുറമുഖ പദ്ധതിമൂലം തൊഴില്‍നഷ്ടമുണ്ടായ കരമടി, ചിപ്പി തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്ന ചടങ്ങിനെത്തിയപ്പോഴായിരുന്നു പ്രതിഷേധം. തെക്കുംഭാഗം മുസ്ലീം ജമാഅത്തിലെ അംഗങ്ങളാണ് ചിലര്‍ക്ക് മാത്രമായി നഷ്ടപരിഹാരം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്. ചടങ്ങ് കഴിഞ്ഞ് മന്ത്രി മടങ്ങിയപ്പോള്‍ കാറിനുമുന്നില്‍ കിടന്ന് ഇവര്‍ പ്രതിഷേധിച്ചു. ഒടുവില്‍ പൊലീസ് ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ നീക്കി.
നഷ്ടപരിഹാരം വിതരണം ചെയ്യാനുള്ള തീരുമാനം കഴിഞ്ഞദിവസം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഇവരുമായി ആദ്യഘട്ട ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ ചര്‍ച്ചകള്‍ നിശ്ചയിച്ചതിനിടെ ചിലര്‍ക്ക് മാത്രം നഷ്ടപരിഹാരം നല്‍കുന്ന പരിപാടി സംഘടിപ്പിച്ചതോടെയാണ് പ്രശ്നമുണ്ടായത്. പൊലീസ് ബലപ്രയോഗത്തെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിച്ചു. ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വൈകിട്ട് അഞ്ചിന് തുറമുഖ മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച.