attappadi

അട്ടപ്പാടിയിൽ വ്യാജരേഖകൾ ചമച്ച് ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നുവെന്ന പരാതികളെക്കുറിച്ച് അന്വേഷിക്കാൻ കെ.കെ.രമ എംഎൽഎയുടെ നേതൃത്വത്തിൽ വസ്തുതാന്വേഷണ സംഘമെത്തി. അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ അധ്വാനപ്പെട്ടിയിൽ ആദിവാസികൾ പരാതി ഉന്നയിച്ച ഭൂമി സന്ദർശിച്ചു. 

അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഭൂമി അന്യാധീനപ്പെട്ട പരാതികളുമായെത്തിയ ആദിവാസി കുടുംബങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. നല്ലശിങ്കയിലെ സര്‍വേ നമ്പര്‍ 1275 ല്‍ എ.ടി.ഡി.പി റിപ്പോര്‍ട്ട് പ്രകാരം ആദിവാസി ഭൂമി മാത്രമാണുള്ളത്. അവശേഷിക്കുന്നത് വനഭൂമിയാണ്. എന്നാല്‍ ഈ മേഖലയില്‍ ആദിവാസികളല്ലാത്ത നിരവധിപേര്‍ ഭൂമി സ്വന്തമാക്കിയെന്ന് പരാതിയുണ്ട്. നിലവില്‍ ഭൂമി കൈവശം വച്ചിരിക്കുന്ന പലരും അട്ടപ്പാടിക്കാരോ പാലക്കാട് ജില്ലക്കാരോ അല്ലെന്നാണ് ആദിവാസികളുടെ പരാതി. സര്‍വേ നമ്പര്‍ 1819 പ്രകാരം ആദിവാസികള്‍ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമിയാണ്. ഇവിടെ സര്‍വേ പൂര്‍ത്തിയാക്കി സ്ഥലം ആദിവാസികള്‍ക്ക് തിരിച്ച് നല്‍കിയിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കുകയാണ്.  ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ, ടി.എൽ.സന്തോഷ്, ആർഎംപി സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശൻ, എം.സുകുമാരൻ, തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് നിയമസഭാ സ്പീക്കർക്കും റവന്യു മന്ത്രിക്കും നൽകുമെന്നു നേതാക്കൾ പറഞ്ഞു. 

Tribal land encroachment KK Rema to Attapadi