cabinet-reshuffle

നവകേരളസദസിന് മുമ്പ് മന്ത്രിസഭാ പ്രവേശനം വേണമെന്ന കേരളകോണ്‍ഗ്രസ് ബിയുടെ ആവശ്യം ഇടതുമുന്നണി തള്ളി. കെ ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും അടുത്തമാസം 24ന് നവകേരളസദസ് പൂര്‍ത്തിയായശേഷം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ജനുവരിയില്‍ ഡല്‍ഹിയിലെത്തി കേന്ദ്രസര്‍ക്കാര്‍ അവഗണനയ്ക്കെതിരെ സമരം ചെയ്യാനും തീരുമാനിച്ചു. ലീഗ് ഉള്‍പ്പടെ എല്‍ഡിഎഫ് ഇതര കക്ഷികളെ സമരത്തിലേക്ക് സ്വാഗതം ചെയ്ത ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ എന്നാല്‍ കോണ്‍ഗ്രസിനെ ക്ഷണിക്കില്ലെന്നും വ്യക്തമാക്കി.

നവകേരളസദസിന് മുമ്പ് കെ ബി ഗണേഷ്കുമാറിന് മന്ത്രിസ്ഥാനം നല്‍കണമെന്നായിരുന്നു കേരളകോണ്‍ഗ്രസ് ബിയുടെ ആവശ്യം. ഇക്കാര്യം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ നവകേരളസദസിന് ശേഷം മാറ്റംവരുത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എന്നു നടത്തും എന്ന് അറിയിക്കണമെന്ന് കേരളകോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടു. അത് നടന്നോളുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഡിസംബറില്‍ തന്നെ മന്ത്രിസഭയില്‍ മാറ്റം വരുത്താമെന്ന് പിന്നീട് ധാരണയായി.

സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം നല്‍കാത്ത കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ പോയി സമരം ഇരിക്കാനുള്ള നിര്‍ദേശം മുഖ്യമന്ത്രി മുന്നോട്ടുവച്ചു. മുഖ്യമന്ത്രി, മന്ത്രിമാര്‍, ഇടത് എം.പിമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ധനമന്ത്രി ബിജെപി ഇതര സര്‍ക്കാരുമായി ചര്‍ച്ചനടത്തി കേന്ദ്രത്തിനെതിരെ കൂട്ടായ്മ വളര്‍ത്തിയെടുക്കും. സംസ്ഥാന തലത്തില്‍ വിപുലമായ കേന്ദ്രവിരുദ്ധ കണ്‍വന്‍ഷന്‍ വിളിക്കും. ഭൂപതിവു ചട്ടനിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ച് രാജ്ഭവന്‍ മാര്‍ച്ച് നടത്തും. 

Cabinet reshuffle