kunjalikuty-mvr

കണ്ണൂരിൽ എം.വി.ആർ ട്രസറ്റ് സംഘടിപ്പിച്ച എം.വി.രാഘവൻ അനുസ്മരണ സെമിനാറിൽ നിന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പിന്മാറി. സിപിഎം അനുകൂല ട്രസ്റ്റിന്‍റെ സെമിനാറിൽ പങ്കെടുക്കുന്നതിൽ സിഎംപി അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് പിന്മാറ്റം. എം.വി.ആറിന്‍റെ പേരിലുള്ള പരിപാടി ഒരുവിവാദത്തിനും ചർച്ചയ്ക്കും വിട്ടുകൊടുക്കാൻ താല്‍പര്യമില്ലാത്തത് കൊണ്ടാണ് പിന്മാറ്റമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 

 

എം വി ആറിന്‍റെ കുടുംബാംഗങ്ങൾ കൂടി ഉൾപ്പെട്ട  ട്രസ്റ്റിന്‍റെ അനുസ്മരണ പരിപാടിയിൽ  പങ്കെടുക്കാമെന്ന്  കുഞ്ഞാലിക്കുട്ടി സമ്മതിച്ചതാണ്.  ഇതിൽ  സി എം പി സംസ്ഥാന സെക്രട്ടറി സി. പി. ജോൺ അതൃപ്തി രേഖപ്പെടുത്തിയതോടെയാണ്  സി എം പി നടത്തുന്ന  അനുസ്മരണത്തിലും പങ്കെടുക്കാമെന്ന്  കുഞ്ഞാലിക്കുട്ടി സമ്മതിച്ചത്. എന്നാൽ  രണ്ടിലും വരുന്നില്ലെന്ന് രാവിലെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ട്രസ്റ്റിന്‍റെ പരിപാടിയിൽ  പങ്കെടുക്കുന്നതിനെ  ഇടതുപക്ഷ പരിപാടിയായി ചിലർ വളച്ചൊടിച്ചെന്നും എം വി ആറിന്‍റെ അനുസ്മരണം  വിവാദമാക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ടാണ് പിൻമാറുന്നതെന്നും കുഞ്ഞാലിക്കുട്ടി വാർത്താ കുറിപ്പിലൂടെ  വ്യക്തമാക്കി. 

 

കുഞ്ഞാലിക്കുട്ടിയെ വിലക്കിയവർക്കുള്ള വിലക്കാണ് സെമിനാറിലേക്ക്  അദ്ദേഹം അയച്ചു തന്ന അനുസ്മരണ പ്രസംഗമെന്ന് എം വി ജയരാജൻ. അതേസമയം ആരും വിലക്കിയിട്ടല്ല പോകാതിരുന്നതെന്ന് ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. കുഞ്ഞാലിക്കുട്ടി വിട്ട് നിന്നെങ്കിലും  കോൺഗ്രസ് നേതാവ് കരകുളം കൃഷ്ണ പിള്ള ട്രസ്റ്റ് പരിപാടിയിൽ പങ്കെടുത്തു.

 

PK Kunjalikutty withdraws from MV Raghavan memorial seminar organized by MVR Trust in Kannur