ലഹരി തടയാൻ ലക്ഷ്യമിട്ട് തൃക്കാക്കരയിൽ രാത്രികാല കച്ചവടത്തിന് വിലക്ക് ഏർപ്പെടുത്താനുള്ള നഗരസഭ  നീക്കത്തിനെതിരെ ടെക്കികളുടെ പ്രതിഷേധം. കടയടയ്ക്കുന്നത് ഭക്ഷണം ഉൾപ്പെടെ തടസപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി ഇൻഫോപാർക്ക്  റോഡിൽ രാത്രി നടത്തത്തിനിറങ്ങിയായിരുന്നു നൂറുകണക്കിന് പേരുടെ പ്രതിഷേധം.രാവിലെ പത്തരയ്ക്ക്  ചേരുന്ന നഗരസഭ കൗൺസിലിൽ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും.   

നഗരസഭയിൽ ലഹരിക്കച്ചവടത്തിന് അറുതിവരുത്താൻ ലക്ഷ്യമിട്ട് ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ രാത്രി പതിനൊന്ന് മുതൽ പുലർച്ചെ നാലുവരെ  ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങൾ അടച്ചിടാനാണ് നഗരസഭ ആലോചിക്കുന്നത്. പൊലീസിന്റെയും എക്സൈസിന്റെയും വ്യാപാരികളുടെയും  സംയുക്തയോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. വ്യാപാരികളുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ എതിർപ്പിന് പുറമെയാണ് ടെക്കികളും സ്വന്തം ബുദ്ധിമുട്ട് തുറന്നുപറഞ്ഞ് നഗരസഭയ്ക്കെതിരെ രംഗത്തെത്തിയത്. 

കടകൾക്ക് രാത്രി പ്രവർത്തിക്കാനുള്ള അനുമതി നിഷേധിച്ചാൽ നിയമപരമായി നേരിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. .

Techies protest against move by the municipality