തിരുവനന്തപുരത്തെ മാനവീയം വീഥിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആസൂത്രിതമാണെന്ന് മാനവീയം സെക്രട്ടറി കെ.ജി.സൂരജ്. മതരാഷ്ട്രവാദികളും പൊതു ഇടങ്ങള്‍ ശക്തിപ്പെടരുതെന്ന നിലപാടുള്ളവരും സദാചാര പൊലീസ് ചമയുന്നവരുമാണ് ഇതിന് പിന്നിലെന്നും കെ.ജി.സൂരജ് പറഞ്ഞു. ഇന്നലെ രാത്രിയും മാനവീയം വീഥിയില്‍ സംഘര്‍ഷമുണ്ടായിരുന്നു.

 

‘ആയിരക്കണക്കിന് ആളുകള്‍ വരുന്നയിടത്ത് ഒന്നോ രണ്ടോ പേര്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അത് മാനവീയത്തിന്‍റെ ആകെ ഉത്തരവാദിത്തമാകുന്നത് എങ്ങനെയാണ്..? ആരാധനാലയങ്ങള്‍ക്ക് സമീപവും ഇത്തരം സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണം എന്ന നിലപാടെടുക്കാറുണ്ടോ എന്നും  അദ്ദേഹം ചോദിക്കുന്നു. മാനവീയം വീഥിയിലെ കലാസാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ഇവിടെയുള്ള സാമൂഹിക വിരുദ്ധ പ്രവണതകളെ പ്രതിരോധിക്കാനും അതിജീവിക്കാനും ശേഷിയുണ്ട്. ഈ വീഥി രാപ്പകല്‍ ഭേദമന്യേ സമൂഹകത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാപ്യമായ ഇടമായി മാറണം. നൈറ്റ് ലൈഫ് നിര്‍ബന്ധമായും നടപ്പിലാക്കണം. ഇതൊരു ആധുനിക സമൂഹത്തിലേക്കുള്ള യാത്രയാണ്.’ സൂരജ് പറഞ്ഞു.

 

‘മാനവീയം വീഥിയെ സംബന്ധിച്ചുള്ള പൊതു കാഴ്ചപ്പാട് ഇതൊരു കഞ്ചാവ് വീഥിയാണെന്നാണ്. നിരോധിതമായിട്ടുള്ള ലഹരി ഉല്‍പന്നങ്ങളുടെ വിതരണ കേന്ദ്രമാണിത് അത്തരക്കാരാണ് ഇവിടെയുള്ളത് എന്ന രൂപത്തിലുള്ള വ്യാ‍ജ പൊതുബോധം പ്രചരിപ്പിക്കാനുള്ള പരിശ്രമങ്ങളും നടക്കുന്നുന്നുണ്ട്. എന്നാല്‍ കൗമാരക്കാരും യുവജനങ്ങളുമാണ് കൂടുതലായി ഇവിടെയെത്തുന്നത്. മഹാവ്യാധിയും മഹാപ്രളയവും കേരളത്തെ ഉലച്ച കാലത്ത് ഈ തലമുടി കളര്‍ ചെയ്തവരും ടാറ്റൂ ചെയ്തവരും അടങ്ങുന്ന ഇവിടുത്തെ യുവതയും കൗമാരക്കാരുമാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ടു വന്നത്.’ സൂരജ് പറയുന്നു.

 

വയോജനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ് വ്യക്തികള്‍, ഭിന്നശേഷിക്കാര്‍, സംഘടിത– അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ അങ്ങനെ എല്ലാവരും സൗഹൃദം പങ്കുവയ്ക്കുന്ന, ആത്മാവിഷ്കാരം നടത്തുന്ന സൗജന്യ വേദിയാണിത്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ നൈറ്റ് ലൈഫ് ആയ കേന്ദ്രമാണിത്. കൊച്ചുകുട്ടികള്‍ ഈ വേദിയെ അവരുടെ കളിയിടമാക്കുന്നു. അത്തരത്തില്‍ സന്തോഷകരമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. സംസ്ഥാനസര്‍ക്കാര്‍ മൂന്നു കോടിയിലധികം ചിലവഴിച്ചാണ് കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി മാനംവീയം വേദി നവീകരിച്ചത്. ആ മാനവീയത്തെ നൈറ്റ് ലൈഫ് അവസാനിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും സൂരജ് പറഞ്ഞു.

 

ഇന്നലെ രാത്രിയും മാനവീയം വീഥിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. അര്‍ധരാത്രിയോടെ സ്ഥലത്തെത്തിയ മദ്യപസംഘമാണ് പൊലീസിന് നേരെ കല്ലെറിഞ്ഞത്. കല്ലേറില്‍ നെട്ടയം സ്വദേശിയായ സ്ത്രീക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സംഘത്തിലെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെട്ടയം, നെയ്യാറ്റിന്‍കര സ്വദേശികളാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. മദ്യപസംഘം പാട്ടും ഡാന്‍സും നടക്കുന്നതിനിടയിലേക്ക് കയറി കസേരകള്‍ തള്ളിമാറ്റുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്യുന്നത് കണ്ടതോടെ പൊലീസെത്തി ഇവരെ ആല്‍ത്തറ പരിസരത്തേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘം കല്ലേറ് നടത്തിയത്.

 

അതേസമയം അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാനവീയം വീഥി നൈറ്റ് ലൈഫിനായി തുറന്ന് നല്‍കിയതിന് ശേഷം ഇത് പത്താമത്തെ അക്രമസംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കേരളത്തില്‍ തന്നെ ആദ്യത്തെ നൈറ്റ്‌ലൈഫ് വീഥിയിലുണ്ടാകുന്ന അക്രമസംഭവങ്ങള്‍ വലിയ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇതിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

 

Manaviyam Secretary K. G. Suraj said that efforts to destroy the Manaviyam Veethi in Thiruvananthapuram are planned.