keraleeyamstars

കേരളീയം ആഘോഷത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ തെന്നിന്ത്യന്‍ സിനിമാ പ്രതിഭകളുടെ അപൂര്‍വ്വ സംഗമം. കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന എന്നിവരായിരുന്നു ചടങ്ങിലെ വിശിഷ്ടാതിഥികള്‍. വേദിയില്‍ മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫി ക്ലിക്ക് ചെയ്താണ് താരങ്ങള്‍ മടങ്ങിയത്. കേരളം കൈവരിച്ച സാമൂഹ്യ പുരോഗതി രാജ്യത്തിന് മാതൃകയാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കേരളീയം ലോക സാഹോദര്യത്തിന്‍റെ വികാരമായി മാറട്ടെയെന്ന് മമ്മൂട്ടി. ജന്മനഗരം കേരളീയത്തിന് ആതിഥ്യം വഹിക്കുന്നതിന്‍റെ സന്തോഷമായിരുന്നു മോഹന്‍ലാലും ശോഭനയും പങ്കുവച്ചത്.  

കേരളീയം വേദിയെ ആവേശത്തിലേക്ക് എടുത്തെറിഞ്ഞായിരുന്നു തെന്നിന്ത്യയിലെ നടന വിസ്മയങ്ങള്‍ എത്തിയത്. സ്വീകരിക്കാന്‍ പതിവ് രീതികള്‍ വിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും കാത്തുനിന്നു. ഒറ്റ ഫ്രെയിമില്‍ മൂന്ന് മഹാനടന്‍മാര്‍ മുഖ്യമന്ത്രിക്കൊപ്പമിരുന്നു. ചടങ്ങിന് തുടക്കം കുറിച്ചുള്ള നൃത്ത ശില്‍പം ആസ്വദിച്ച ശേഷം വേദിയിലേക്ക്. ആശംസ പ്രസംഗത്തിനായി താരങ്ങള്‍ എഴുനേറ്റപ്പോള്‍ സദസ്സ് ഇളകി മറിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃശേഷിയെ പ്രശംസിച്ച്, കേരളത്തിന്‍റെ സാമൂഹ്യ പുരോഗതിയെ പ്രകീര്‍ത്തിച്ചായിരുന്നു ഉലകനായകന്‍റെ പ്രസംഗം. കേരളീയം മുന്നോട്ടുവയ്ക്കുന്ന ഒരുമയുടെ രാഷ്ട്രീയത്തെ മനോഹരമായി അവതരിപ്പിച്ച് മമ്മൂട്ടിയുടെ ലഘുഭാഷണം. 

സ്വന്തം നഗരത്തിലേക്ക് വിരുന്നെത്തിയ പുത്തന്‍ ഉത്സവത്തിന്‍റെ ആഹ്ളാദമായിരുന്നു മോഹന്‍ലാലിനും, ശോഭനയ്ക്കും. കൂടാതെ അടുത്ത വര്‍ഷത്തെ കേരളീയം ആഘോഷത്തിന്‍റെ പ്രചരണാര്‍ത്ഥം  മുഖ്യമന്ത്രിക്കൊപ്പം താരങ്ങളുടെ സെല്‍ഫിയും കൂടിയായപ്പോള്‍ കളറായി കേരളീയം പരിപാടി.

Keraleeyam 2023; latest updates