പ്രതീകാത്മക ചിത്രം

ഫോണ്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി പ്രതിപക്ഷ എംപിമാരുടെ ഫോണുകളിലേക്ക് ആപ്പിളില്‍ നിന്നും സന്ദേശമെത്തിയതിന് പിന്നാലെ ചോര്‍ത്തല്‍ വിവാദങ്ങള്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്. പ്രശസ്തരല്ലാത്തത് കൊണ്ട് ഫോണ്‍ ഹാക്ക് ചെയ്യപ്പെടില്ലെന്നോര്‍ത്ത് സമാധാനിക്കാന്‍ കഴിയുമോ? അത്തരം വലിപ്പച്ചെറുപ്പമൊന്നും ഹാക്കര്‍മാര്‍ക്കില്ലെന്നതാണ് വാസ്തവം. ഇനി നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ എങ്ങനെ അറിയാം? ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കാം എന്നിവയെ കുറിച്ച് സൈബര്‍ ഡോമിലെ ഉദ്യോഗസ്ഥനായ ആനന്ദ് വി.എസ് മനോരമന്യൂസ്.കോമിനോട് സംസാരിക്കുന്നു.

മറ്റൊരാളില്‍ നിന്നും ലഭിക്കുന്ന ലിങ്കുകള്‍ വഴിയോ, ഇ–മെയിലുകളിലൂടെയോ, എസ്എംഎസുകളിലൂടെയോ ആണ് ഹാക്കര്‍മാര്‍ നമ്മുടെ ഫോണിലേക്കുള്ള വഴി കണ്ടെത്തുക. ലിങ്ക് ക്ലിക്ക് ചെയ്യുന്നതിന് പിന്നാലെ നമ്മുടെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റോ, എസ്എംഎസുകളോ, ഗാലറിയോ ഒക്കെ ഹാക്കര്‍ക്കും യഥേഷ്ടം ഉപയോഗിക്കാവുന്ന നില കൈവരുന്നു. സാധാരണഗതിയില്‍ ഹാക്കിങ് അത്ര വേഗം കണ്ടെത്താന്‍ കഴിയില്ലെങ്കിലും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടോ എന്നറിയാല്‍ ചില മാര്‍ഗങ്ങളുണ്ട്. എന്നാല്‍ ഇത് എപ്പോഴും കൃത്യമാവണമെന്നോ, ഇതേ ഏകീകൃത സ്വഭാവം കണ്ടെത്തണമെന്നോ നിര്‍ബന്ധമില്ല. 

ഫോണ്‍ അമിതമായി ചൂടാവുക

ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ചൂടാവുക സാധാരണമാണ്. എന്നാല്‍ ദീര്‍ഘമായി ഉപയോഗിക്കാതിരിക്കെ തന്നെ ഫോണ്‍ ചൂടാവുന്നത് ശ്രദ്ധിക്കേണ്ടതാണ്.

ബാറ്ററി അസാധാരണമായ വേഗത്തില്‍ തീരും

ഫോണിന് മറ്റ് തകരാറുകളൊന്നുമില്ലാതിരിക്കെ ചാര്‍ജ് ചെയത് അധിക നേരമാകുന്നതിന് മുന്‍പ് തന്നെ ബാറ്ററി തീര്‍ന്നു പോകുന്നതാണ്  ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കാനുള്ള സിഗ്നലുകളിലൊന്ന്. ഫോണില്‍ ഉപയോഗിക്കുന്ന ആപ്പുകളുടെ ആധിക്യവും ഇതിന് കാരണമായേക്കാം. ഒന്നിലധികം ആപ്പുകള്‍ ഒരേ സമയം ഉപയോഗിക്കുമ്പോള്‍ ബാറ്ററി പതിവിലുമേറെ വേഗത്തില്‍ ചോരാനുള്ള സാധ്യതയേറെയാണ്.

ആപ്പുകള്‍ വഴിയുണ്ടാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങള്‍

ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മറ്റ് സമൂഹ മാധ്യമ അക്കൗണ്ടുകളിലും നിങ്ങള്‍ പോസ്റ്റ് ചെയ്യാതെ തന്നെ നിങ്ങളുടേതായി കണ്ടന്‍റ് പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാകാന്‍ സാധ്യതയുണ്ട്. സ്വന്തം ഫോണില്‍ നിന്നും നിങ്ങള്‍ക്ക് ഇ–മെയിലുകളും മറ്റും അയയ്ക്കാനോ, മറ്റൊരാള്‍ അയച്ചത് കൈപ്പറ്റാനോ കഴിയുന്നില്ലെങ്കിലും നിങ്ങളറിയാതെ നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളുടെ ഫോണ്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പിക്കാം. 

ഫോണിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാവുക

സ്മാര്‍ട്ടായിരിക്കേണ്ട മൊബൈല്‍ ഫോണ്‍ തീരെ സ്ലോ ആവുന്നത് സംശയിക്കേണ്ടതായ കാര്യമാണ്. ഫോണിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാകുമ്പോള്‍ പ്രവര്‍ത്തിക്കുന്നതിനായി പതിവിലേറെ ഊര്‍ജം ആവശ്യമായി വരും. ഇതോടെ ബാറ്ററിയും അതിവേഗത്തില്‍ ചോരും. മാല്‍വെയറുകള്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നതാവാം ഈ മെല്ലെപ്പോക്കിന് കാരണം. 

ഫോണ്‍ അസാധാരണമായി പ്രവര്‍ത്തിക്കുക

അകാരണമായി ഫോണ്‍ ക്രാഷായി പോകുകയോ ലോഡാവാതിരിക്കുകയോ പെട്ടെന്ന് റീസ്റ്റാര്‍ട്ട് ആവുകയോ ചെയ്യുന്നത് ശ്രദ്ധിക്കേണ്ട സാഹചര്യമാണ്. ഇതും മാല്‍വെയര്‍ കടന്നുകൂടിയതിന്‍റെ ഫലമാകാം. ഫോണിലുള്ള ആപ്പുകള്‍ ഏതെല്ലാമാണെന്ന് ഇടയ്ക്കിടയ്ക്ക് പരിശോധിക്കുന്നത് നല്ല കാര്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. പലപ്പോഴും ഉപയോഗിക്കുന്നയാളുടെ പൂര്‍ണമായ അറിവില്ലാതെ ചില ആപ്പുകള്‍ ഫോണില്‍ കടന്നുകൂടാം. ഇത് കണ്ടെത്തി യഥാസമയം അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

ഡാറ്റ ഉപയോഗം കുതിച്ചുയരുക

പതിവായി ഉപയോഗിക്കുന്ന മൊബൈല്‍ ഡാറ്റയെ കുറിച്ച് വ്യക്തികള്‍ക്ക് ധാരണയുണ്ടാവാറുണ്ട്. എന്നാല്‍ അതില്‍ നിന്നും വിഭിന്നമായി അതിവേഗം ഡാറ്റ ചോരുന്നുണ്ടെങ്കില്‍  ശ്രദ്ധിക്കേണ്ടതുണ്ട്. ഹാക്കര്‍മാര്‍ ഡാറ്റ ട്രാന്‍സഫര്‍ ചെയ്യുണ്ടെങ്കിലും സമാനമായ ഡാറ്റചോര്‍ച്ച ഉണ്ടാകും. 

 സ്പാം സന്ദേശങ്ങള്‍

ഫോണില്‍ നിന്നും നിങ്ങളുടെ അറിവില്ലാതെ മറ്റുള്ളവര്‍ക്ക് സ്പാം സന്ദേശങ്ങള്‍ പോകുകയോ നിങ്ങള്‍ക്ക് സ്പാം സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലോ അസാധാരണമായ പ്രവര്‍ത്തനങ്ങളാണെന്ന് സംശയിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഫോണിലെ സ്ക്രീന്‍ലോക്ക്, ആന്‍റി വൈറസ് പോലുള്ള സുരക്ഷാ ഫീച്ചറുകള്‍ നിങ്ങളുടെ അറിവില്ലാതെ പ്രവര്‍ത്തനരഹിതമായാലും ഹാക്കിങ് സംശയിക്കാവുന്നതാണ്. 

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് തോന്നിയാല്‍ എന്ത് ചെയ്യണം?

  • ഇന്‍റര്‍നെറ്റുമായി ഫോണിനുള്ള ബന്ധം എത്രയും വേഗം വിച്ഛേദിക്കുകയാണ് പ്രാഥമിക നടപടി. ഇങ്ങനെ ചെയ്യുന്നത് വഴി തുടര്‍ന്നും ഹാക്കര്‍ നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കുന്നത് തടയാന്‍ കഴിയും. 
  • ഇമെയില്‍, സമൂഹമാധ്യമങ്ങള്‍, യുപിഐ തുടങ്ങിയവയുടെ പാസ്​വേര്‍ഡുകള്‍ കഴിയുന്നതും വേഗം മാറ്റണം. അത്രവേഗത്തില്‍ മറ്റൊരാള്‍ക്ക് ഊഹിച്ചെടുക്കാനാവാത്ത പാസ്​വേര്‍ഡുകള്‍ വേണം അക്കൗണ്ടുകള്‍ക്ക് നല്‍കാന്‍.
  •  ഫോണില്‍ മാല്‍വെയറുണ്ടോ എന്ന് സ്കാന്‍ ചെയ്ത് പരിശോധിക്കാം. അംഗീകൃത മൊബൈല്‍ സുരക്ഷാ ആപ്പുകള്‍ വേണം  സ്കാനിങിനായി ഉപയോഗിക്കാന്‍.  
  • ഫോണില്‍ വരുന്ന സോഫ്റ്റ്​വെയര്‍ അപ്ഡേറ്റുകള്‍ കൃത്യമായി ഉപയോഗിക്കുകയെന്നതും.  
  • ടു ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ സുപ്രധാന അക്കൗണ്ടുകള്‍ക്കെല്ലാം നിര്‍ബന്ധമായും ഉപയോഗിക്കുക.
  •  ആപ്പ് കണ്‍ഫര്‍മേഷന്‍ ഫീ ച്ചര്‍ എനേബിള്‍ ചെയ്ത് വയ്ക്കുക.
  •  സംശയാസ്പദമായി ഫോണില്‍ ആപ്പുകള്‍ കണ്ടെത്തിയാല്‍ അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുക. ഒഫീഷ്യല്‍ സ്റ്റോറുകളില്‍ നിന്നല്ലാതെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഭാവിയില്‍ ഹാക്കിങ് തടയുന്നതിനായി  ഇടയ്ക്കിടയ്ക്ക് ബാക്കപ് ചെയ്യാം.
  •  പൊതുസ്ഥലത്ത് നിന്നും ലഭിക്കുന്ന വൈഫൈയുടെയും ചാര്‍ജിങ് പോര്‍ട്ടുകളുടെയും ഉപയോഗം പരമാവധി ഒഴിവാക്കണം. 
  • സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ അക്കൗണ്ടുടമ തന്നെ അത് പരമാവധി വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. അവരുടെ വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അക്കൗണ്ട് തിരികെ ലഭിക്കും. 

 

പുതിയ പതിപ്പ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ അത്രവേഗത്തില്‍ ഹാക്കിങ് നടക്കില്ല. പുറമെ നിന്നുള്ള ആപ്പുകള്‍  ഫോണില്‍ കൃത്യമായ പെര്‍മിഷനോട് കൂടി മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ പുതിയ പതിപ്പ് ഫോണുകള്‍ താരതമ്യേനെ സുരക്ഷിതമാണ്. ഈ സാഹചര്യത്തില്‍ കൂടുതലായും വ്യക്തികളില്‍ നിന്ന് അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ച ശേഷം സാമ്പത്തിക തട്ടിപ്പിനിരയാക്കുന്ന രീതിയാണ് ഹാക്കര്‍മാരും സൈബര്‍ തട്ടിപ്പ് സംഘങ്ങളും അവലംബിച്ച് വരുന്നത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് ഫോണിലേക്ക് എത്തുന്ന സന്ദേശങ്ങളെ ഗൗരവമായി കാണേണ്ടതുണ്ടെന്നും സൈബര്‍ വിദഗ്ധര്‍ പറയുന്നു. 

 

How to know if your phone is hacked