കുമരകം കരിമഠത്ത് ജലഗതാഗത വകുപ്പിന്റെ ബോട്ട് വള്ളത്തിൽ ഇടിച്ച് 12 വയസ്സുകാരി മരിച്ചു. കരിമഠം സ്വദേശി രതീഷിന്റെ മകൾ അനശ്വരയാണ് മുങ്ങി മരിച്ചത്. മൂന്നു മണിക്കൂറിൽ അധികം നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കൈപ്പുഴയാറിൽ നിന്ന് കണ്ടെത്തിയത്.
അമ്മയ്ക്കും മുത്തച്ഛനും ഒപ്പം സ്കുളിലേക്ക് വള്ളത്തിൽ പോയ ഏഴാം ക്ലാസ് വിദ്യാർഥിനി അനശ്വരയും എട്ടുവയസ്സുകാരിയായ സഹോദരിയുമാണ് അപകടത്തിൽപ്പെടുന്നത്. മുഹമ്മയിൽ നിന്ന് മണിയാപറമ്പിലേക്ക് പോവുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടാണ് വള്ളത്തിൽ ഇടിക്കുന്നത്. കരിമഠം പെണ്ണാർത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്താണ് അപകടം. ഇടിയുടെ ആഘാതത്തിൽ അനശ്വരയും എട്ടുവയസ്സുകാരിയായ അനിയത്തിയും വെള്ളത്തിലേക്ക് വീണു. ബോട്ടിൽ ഉണ്ടായിരുന്നവർ ഇളയ സഹോദരിയെ രക്ഷിച്ചെങ്കിലും അനശ്വര മുങ്ങിപ്പോയി. മൂന്നു മണിക്കൂറിൽ അധികം സമയം നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രതീക്ഷകൾ വിഫലം.
സെന്റ് മൈക്കിൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അനശ്വര. രാവിലെ 9 മണിയോടെ സ്കൂളിലേക്ക് പോവുകയായിരുന്നു. വൈക്കത്ത് നിന്ന് ഉൾപ്പെടെ അഗ്നിരക്ഷാ സേനയും സ്‌കൂബാസംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.