trainlate

 

ട്രെയിൻ വൈകിയത് മൂലം യാത്രമുടങ്ങിയതിന് യാത്രക്കാരന് റെയിൽവെ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. യാത്രക്കാരന് 60,000 രൂപ നൽകാനാണ് എറണാകുളം ജില്ല ഉപഭോക്തൃ കമ്മീഷന്‍റെ ഉത്തരവ്. ആലപ്പുഴ ചെന്നൈ എക്സ്പ്രസ് പതിമൂന്ന് മണിക്കൂർ വൈകിയത് കാരണം യാത്രമുടങ്ങിയെന്നായിരുന്നു പരാതി.

 

2018 മെയ് ആറിന് ആലപ്പുഴ ചെന്നൈ എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്ത കൊച്ചി സ്വദേശി കാർത്തിക് മോഹനാണ് ദക്ഷിണ റെയിൽവെ നഷ്ടപരിഹാരം നൽകേണ്ടത്. ചെന്നൈയിൽ കമ്പനിയുടെ ഉന്നതല യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിന് വേണ്ടിയാണ് കാർത്തിക് ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്രക്കായി എറണാകുളം റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ മാത്രമാണ് ട്രെയിൻ 13 മണിക്കൂർ വൈകും എന്ന അറിയിപ്പ് ലഭിക്കുന്നത്. ഇതോടെ ചെന്നൈയിൽ നടന്ന യോഗത്തിൽ പങ്കെടുക്കാൻ കാർത്തികിന് കഴിഞ്ഞില്ല. നിരവധി യാത്രക്കാരെയും, നീറ്റ് പരീക്ഷക്കായി പോകുന്ന വിദ്യാർഥികളെയും ട്രെയിനിന്‍റെ മുന്നറിയിപ്പ് ഇല്ലാതെയുള്ള വൈകല്‍ ദുരിതത്തിലാക്കി.

 

യാത്ര മുടങ്ങിയത് മൂലം സാമ്പത്തിക മാനസിക ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് കാർത്തിക് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്. യാത്രയുടെ ഉദ്ദേശ്യം മുൻകൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ്, കരുതൽ നടപടികൾ സ്വീകരിക്കാൻ കഴിയാതിരുന്നതെന്നുമായിരുന്നു റെയിൽവെയുടെ വാദം. എന്നാൽ, റെയിൽവേ യാർഡ് പുനർനിർമ്മാണ പ്രവർത്തനം മൂലമാണ് ട്രെയിൻ വൈകിയതെന്നും, ഇത് നേരത്തെ അറിവുണ്ടായിരുന്നിട്ടും യാത്രക്കാർക്ക് മുൻകൂട്ടി വിവരങ്ങൾ നൽകുന്നതിലും സൗകര്യങ്ങൾ ഒരുക്കുന്നതിലും റെയിൽവെ പരാജയപ്പെട്ടതായി കമ്മീഷൻ കണ്ടെത്തി. കൃത്യമായ കാരണങ്ങൾ ഇല്ലാതെ ട്രെയിൻ വൈകുന്നത് സേവനത്തിലെ ന്യൂനതയാണ്. പ്രതിബദ്ധത ഇല്ലായ്മയാണ് ഇതിന് കാരണം. യാത്രക്കാർക്ക് ഉന്നത നിലവാരമുള്ള സേവനം ലഭിക്കുക എന്നത് ഔദാര്യമല്ല അവകാശമാണെന്ന് വിലയിരുത്തിയാണ് അറുപതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്.

Order to pay compensation to passenger for cancellation of journey due to train delay

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ