lottery-vendor

വിറ്റുപോകാതെ കടയിലിരുന്ന ലോട്ടറി ടിക്കറ്റിന് അടിച്ച ഒന്നാം സമ്മാനം, ആ ലോട്ടറി ടിക്കറ്റ് വാങ്ങാമെന്ന് അറിയിച്ചിരുന്നയാള്‍ക്ക് കൈമാറിയിരിക്കുകയാണ് തിരുവനന്തപുരം പെരുംപഴുതൂര്‍ സ്വദേശി സുരേഷ് കുമാര്‍. 75 ലക്ഷം രൂപ സമ്മാനം അടിച്ച ടിക്കറ്റാണ് കൂലിപ്പണിക്കാരനായ സുകുമാരന് കൈമാറിയത്. ബംപര്‍ ഭാഗ്യത്തേക്കാള്‍ വില,  സത്യസന്ധതക്കാണെന്ന് തെളിയിച്ച ലോട്ടറി വില്‍പ്പനക്കാരന്റെ കഥയിലേക്ക്.

 

പെരുംപഴുതൂരെന്ന നാട്ടിന്‍പുറത്തെ ഒരേയൊരു ലോട്ടറിക്കടക്കാരനാണ് സുരേഷ്കുമാര്‍. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അന്നത്തെ നറുക്കെടുപ്പ് ഫലം പതിവുപോലെ നോക്കുകയായിരുന്നു. ആ സമയത്താണ് തന്റെ കടയിലിരിക്കുന്ന SG 489862 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം അടിച്ചതെന്നറിഞ്ഞത്.  ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്ന് ഒറ്റ നിമിഷം കൊണ്ട് ലക്ഷപ്രഭുവായി മാറാനുള്ള അവസരം. പക്ഷെ സുരേഷ് കുമാര്‍ ആ ടിക്കറ്റുമായി നേരെ പോയത് ബാങ്കിലേക്കല്ല, രണ്ട് ദിവസം മുന്‍പ് തന്റെ കടയില്‍ വന്ന സുകുമാരന്‍ ചേട്ടന്റെ വീട്ടിലേക്കാണ്.

 

സുരേഷിന്റെ കടയിലെത്തിയ സുകുമാരന്‍ ചേട്ടന്‍ 11 ലോട്ടറി ടിക്കറ്റുകള്‍ നോക്കിവച്ചിരുന്നു. കയ്യില്‍ കാശില്ലാത്തതിനാല്‍ പിന്നീട് വാങ്ങാമെന്ന് പറഞ്ഞ് പോയി. ആ കൂട്ടത്തില്‍പെട്ട ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം. വില്‍ക്കാതെ കയ്യിലിരിക്കുന്ന ടിക്കറ്റിനെ ഭാഗ്യം കടാക്ഷിച്ചെന്ന് അറിഞ്ഞപ്പോള്‍ വീട്ടിലെ കടവും മക്കളുടെ വിദ്യാഭ്യാസവും അടക്കം ഒട്ടേറെ സ്വപ്നങ്ങള്‍ സുരേഷിന്റെ മനസിലൂടെ മിന്നിമാഞ്ഞു. ടിക്കറ്റ് വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞ് പോയ സുകുമാരന്‍ ചേട്ടനെ ഓര്‍ക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. പക്ഷെ തന്റെ സ്വപ്നങ്ങളേക്കാള്‍ പറഞ്ഞ വാക്കിനായിരുന്നു സുരേഷിന് വിലകൂടുതല്‍.

 

കൂലിപ്പണിക്ക് പോയി വാര്‍ധക്യത്തിലും ജീവിതം ഉറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സുകുമാരന്‍ ചേട്ടന് അതോടെ സുരേഷ് പുതുപ്രതീക്ഷയായി. ഈ ലോട്ടറിക്കഥ നാട്ടിലാകെ പരന്നതോടെ ചിലര്‍ സുരേഷിനെ അഭിനന്ദിക്കുന്നു..ചിലര്‍ 75 ലക്ഷം തട്ടിക്കളഞ്ഞവനെന്ന പേരില്‍ കുറ്റപ്പെടുത്തുന്നു. അതിനെല്ലാമിടയിലും നിറഞ്ഞ സംതൃപ്തിയോടെ അയാള്‍ ലോട്ടറി വില്‍പ്പന തുടരുകയാണ്