buschecking

കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളിൽ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സംയുക്ത പരിശോധന തുടരുന്നു. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇന്ന് തൃപ്പൂണിത്തുറയിലും കലൂരിലുമാണ് പരിശോധന നടത്തുന്നത്. പതിവായി ബസ് അപകടങ്ങൾ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. 

രാവിലെ 10 മണി മുതൽ കലൂരിലും തൃപ്പൂണിത്തുറയിലും സ്ക്വാഡുകൾ സ്വകാര്യ ബസ്സുകളിൽ പരിശോധന നടത്തുന്നുണ്ട്. കുറ്റം കണ്ടെത്തിയാൽ, ഉടനെ തന്നെ പെറ്റിയടിച്ച് ഇ -ചെലാൻ കൈമാറും. മത്സരയോട്ടം നടത്തുക, വാതിൽ തുറന്നിട്ട് ബസ് ഓടിക്കുക, ഇടതുവശം ചേർന്ന് ഓവർടേക്ക് ചെയ്യുക, ലഹരി ഉപയോഗിച്ച വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. നിരോധിത ഹോണുകളും അലങ്കാര പണികളും ബസുകളിൽ നിന്ന് അപ്പോൾ തന്നെ അഴിച്ചു മാറ്റുന്നു. 

ഇന്നലെ ഹൈക്കോടതി ജംഗ്ഷനിൽ നടത്തിയ പരിശോധനയിൽ 130 ബസ്സുകൾക്കെതിരെയും 14 ഡ്രൈവർമാർക്ക് എതിരെയും നടപടി എടുത്തിട്ടുണ്ട്. നവംബർ മൂന്നു വരെ നഗരത്തിലെ വിവിധ ഇടങ്ങളിൽ പരിശോധന തുടരും.