സംസ്ഥാനത്ത് എയര്‍ ഗണ്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി പൊലീസ്. എയര്‍ ഗണ്‍ കൈവശം വയ്ക്കുന്നത് നിയന്ത്രിക്കണമെന്ന ആവശ്യം പൊലീസില്‍ ശക്തമാണ്. എന്നാല്‍ പൊതുജനത്തെ വലയ്ക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ പാടില്ലെന്ന നിലപാടിലാണ് കായികപ്രേമികള്‍. ഓണ്‍ലൈന്‍ വില്‍പനയ്ക്ക് നിയന്ത്രണങ്ങളില്ലാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് കച്ചവടക്കാരും പറയുന്നു.

വിദേശനിര്‍മിത CO2 പിസ്റ്റളുകള്‍ മുതല്‍ ഇന്ത്യന്‍ നിര്‍മിതവും ഇറക്കുമതി ചെയ്യുന്നതുമായ എയര്‍ ഗണ്ണുകളുടെ വിശാലമായ ശ്രേണി ഇന്ന് വിപണിയില്‍ ലഭ്യമാണ്. കായിക പരിശീലനത്തിനും കൗതുകത്തിനുമായി തോക്കുകള്‍ വാങ്ങുന്നവരാണ് ഏറെയും. എന്നാല്‍ ഇതിനിടയിലൂടെ തോക്കുകളുടെ ദുരുപയോഗവും കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നുവെന്നാണ് പൊലീസ് ഭാഷ്യം. 

ഈ വര്‍ഷം ഇതുവരെ എയര്‍ ഗണ്‍ ഉപയോഗിച്ചുള്ള ആറുകേസുകളുണ്ടായി. കഴിഞ്ഞ വര്‍ഷം അഞ്ചുകേസുകളുമുണ്ടായി. ലൈസന്‍സ് ആവശ്യമില്ലാത്തതിനാല്‍ ക്രിമിനലുകള്‍ എയര്‍ ഗണ്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് പൊലീസിന്റെ ഭാഷ്യം. എന്നാല്‍ കടകളിലെ വില്‍പനയില്‍ കാര്യമായ വര്‍ധനയില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

കടകളില്‍നിന്ന് എയര്‍ഗണ്‍ വാങ്ങണമെങ്കില്‍ തിരിച്ചറിയല്‍ രേഖയും വ്യക്തിഗത വിവരങ്ങളും നല്‍കണം. ഇതില്ലാതെയുള്ള ഓണ്‍‌ലൈന്‍‌ വില്‍പനയാണ് നിയന്ത്രിക്കേണ്ടതെന്നും വ്യാപാരികള്‍. കുറ്റകൃത്യങ്ങള്‍ തടയാനെന്ന പേരില്‍ അപ്രായോഗിക നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ സ്പോര്‍ട്സ് ഷൂട്ടിങ്ങടക്കം പ്രതിസന്ധിയിലാകുമെന്ന് കായികപ്രേമികളും പറയുന്നു.

Criminal usage of air guns increasing day by day

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ..