വനംവകുപ്പിലെ ഒരു സംഘം ഉദ്യോഗസ്ഥർ വാവ സുരേഷിനെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് കെ.ബി.ഗണേഷ്കുമാർ എംഎൽഎ. മനുഷ്യർക്ക് ഉപദ്രവകാരികളായ വിഷപ്പാമ്പുകളെ സുരക്ഷിതമായി പിടിച്ച് വനത്തിലേക്ക് അയക്കുന്ന വാവ സുരേഷ് ഇനി മുതൽ പാമ്പിനെ പിടിക്കേണ്ട എന്നാണവർ തീരുമാനിച്ചിരിക്കുന്നത്. ഇത് ഉചിതമായ നടപടിയല്ല.
സർക്കാർ ജോലി പോലും വേണ്ടെന്ന് വച്ച് പാമ്പിനെ പിടിക്കാൻ ഇറങ്ങിയ ആളാണ് വാവ സുരേഷ്. താൻ മന്ത്രിയായിരിക്കെ അദ്ദേഹത്തിന് വനംവകുപ്പിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്തതാണ്. സെക്രട്ടേറിയേറ്റിലേക്ക് വിളിച്ചുവരുത്തി ജോലി തരാം എന്നറിയിച്ചപ്പോൾ സന്തോഷപൂർവം അത് നിരസിക്കുകയായിരുന്നു. സാറു മന്ത്രിയായിരിക്കുന്ന ദിവസം വരെ തന്നെ പാമ്പു പിടിക്കാൻ വിടും. അതു കഴിഞ്ഞാൽ അതിന് അനുവദിക്കാതെ റോഡുവക്കിൽ കമ്പു പൊക്കാന്‍ നിർത്തുമെന്നാണ് സുരേഷ് പറഞ്ഞത്.
സുരേഷ് ബുദ്ധിമാനാണെന്ന് അപ്പോഴേ തനിക്ക് മനസിലായി. ഒരു പൈസ പോലും വാങ്ങാതെ സേവനം ചെയ്യുന്നയാളാണ് സുരേഷ്. വനം വകുപ്പിൽ ഉദ്യോഗസ്ഥയായ പെൺകുട്ടിക്ക് പാമ്പു പിടിക്കുന്നതിൽ പരിശീലനം നൽകിയതും സുരേഷ് ആണ്. അവരിപ്പോള്‍ അക്കാര്യം ഓര്‍ക്കുന്നുണ്ടാകില്ലെങ്കിലും താന്‍ ഓര്‍ക്കുന്നുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കേരള കോൺഗ്രസിൽ (എം) നിന്ന് കേരള കോൺഗ്രസ് (ബി)യിലെത്തിയ പ്രവർത്തകരെ സ്വീകരിക്കുന്ന ലയനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗണേഷ്കുമാർ. ചടങ്ങിൽ വാവ സുരേഷിനെ ആദരിച്ചു