mbrajeshfbpostnew-02

ഒരു കുടുംബത്തിന്റെ ദുരിതം ശ്രദ്ധയില്‍പ്പെടുത്തി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കമന്റില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടപടിയുമായി മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീയുടെ 'വീണ്ടും സ്കൂളിലേക്ക്‌' ക്യാമ്പയിനെ കുറിച്ച് മന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയ്ക്ക് ചുവടെയാണ് അമ്പലപ്പാറയിലുള്ള ഒരു കുടുംബത്തിന് സഹായം തേടി മുരളിയെന്നയാള്‍ കമന്‍റ് ചെയ്തത്. നാല് മണിക്കൂറിനുള്ളില്‍ സംഭവം പരിശോധിച്ച് നടപടി സ്വീകരിക്കാനുള്ള നിര്‍ദേശം മന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായെന്ന് മുരളി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. വേണമെങ്കില്‍ അവഗണിച്ച് കളയാവുന്ന ഒരു കുറിപ്പില്‍ ഇടപെട്ട് ജില്ലാ ഓഫിസറെ തന്നെ നടപടിയെടുക്കാന്‍ ചുമതലപ്പെടുത്തിയത് സര്‍ക്കാരിന്റെ കാര്യക്ഷമതയാണെന്നും അദ്ദേഹം പറയുന്നു. മന്ത്രി തന്റെ കുറിപ്പ് കാണുമെന്നോ മറുപടി ലഭിക്കുമെന്നോ പ്രതീക്ഷിച്ചതല്ലെന്നും എന്നാല്‍ നടപടിയില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുരളിയുടെ ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ..

 

'ഇടതുപക്ഷം ഹൃദയപക്ഷം എന്നുള്ളത് വെറുമൊരു വാക്കല്ല. അമ്പലപ്പാറയിലെ കുടുംബത്തിന്റെ ഒരു ബുദ്ധിമുട്ട് ഇന്ന് (01.10.2023) 5 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ  ഫേസ്ബുക്കിൽ ഒരു കുറിപ്പായി ഇട്ടു. മന്ത്രി കാണുമെന്നോ മറുപടി ലഭിക്കുമെന്നോ കരുതിയല്ല, എന്നാൽ 5 മണിക്ക് ഇട്ട പോസ്റ്റിന് 9 മണിയോടെ  മന്ത്രിയുടെ മറുപടി വന്നു. പാലക്കാട് ജില്ലാ ജോയിന്റ് ഡയറക്ടറെ പരിശോധിക്കാനുള്ള ചുമതല കൊടുത്തെന്നു പറഞ്ഞുകൊണ്ട്. വേണമെങ്കിൽ അവഗണിച്ചു കളയാവുന്ന, അവഗണിച്ചാലും ഒന്നും തന്നെ സംഭവിക്കാത്ത ഒരു എഫ്.ബി കുറിപ്പിൽ ഇടപെടുകയും ജില്ലാ ഓഫീസറെ തന്നെ ചുമതല പെടുത്തുകയും ചെയ്തപ്പോൾ ഉറപ്പിച്ചു പറയാം ഇതാണ് ഹൃദയപക്ഷം, ഓരോ ഫയലും ഓരോ ജീവിതങ്ങൾ തന്നെയാണെന്ന് മനസിലാക്കി പ്രവർത്തിക്കുന്ന സർക്കാർ.ആ കുടുംബത്തിന്റെ വിഷമത്തിൽ വേണ്ട പരിഹാരം ഉണ്ടാവും എന്നുതന്നെ പ്രതീക്ഷിക്കുന്നു. അഭിവാദ്യങ്ങൾ സഖാവേ. നമ്മളല്ലാതെ മറ്റാര്'.

 

ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ച് കിട്ടിയ കുടുംബത്തില്‍ ഭിന്നശേഷിക്കാരനായ ഒരാളുള്ളതിനാല്‍ നിലവില്‍ പുതിയ വീടിന്റെ പണി കഴിയുന്നത് വരെ പഴയ വീട് പൊളിച്ച് നീക്കരുതെന്നായിരുന്നു മുരളിയുടെ അഭ്യര്‍ഥന. വിഷയം പരിശോധിച്ച്‌ പ്രശ്നത്തിന്‌ പരിഹാരം കാണാൻ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ ജില്ലാ ജോയിന്റ്‌ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി രാത്രിയോടെ മറുപടിയും നല്‍കിയിരുന്നു.

 

FB post praises Minister MB Rajesh for his timely intervention

 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.