പാലക്കാട് ജില്ലയുടെ അഭിമാന പദ്ധതിയായ വി.ടി.ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയ നിർമാണം യാഥാര്‍ഥ്യത്തിലേക്ക്. നാല് മാസത്തിനുള്ളിൽ സമുച്ചയം നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നി‍ർമാണ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. 

 

68.5 കോടി രൂപ ചെലവിൽ മൂന്ന് ബ്ലോക്കുകളിലായാണ് സമുച്ചയം ഒരുക്കുന്നത്. ഇതിൽ എക്സിബിഷൻ ബ്ലോക്കിന്റെ പ്രവൃത്തികൾ എഴുപത്തി അഞ്ച് ശതമാനം പൂർത്തിയായി. പെർ‍ഫോമൻസ് ബ്ലോക്ക്, ഓപ്പൺ എയർ തിയറ്റർ എന്നിവയുടെ നിർമാണം അഞ്ച് ശതമാനം മാത്രമാണ് ബാക്കിയുള്ളത്. അവശേഷിക്കുന്ന പണികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. സമുച്ചയത്തിന്റെ സംരക്ഷണഭിത്തിയോട് ചേര്‍ന്ന് താമസിക്കുന്നവരുടെ ആശങ്കയും പരിഹരിക്കും. കെട്ടിടം യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്ത് വെള്ളക്കെട്ടുണ്ടാകുമെന്ന പരാതി പൂര്‍ണമായും ഉള്‍ക്കൊണ്ടുള്ള നടപടിയുണ്ടാകും. ഇത് സംബന്ധിച്ച് ദേശിയപാത അതോറിറ്റിയുമായി ആശയവിനിമയം നടത്തി വൈകാതെ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. 

 

പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ ഇ.കൃഷ്ണദാസ്, സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ.മായ, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ അബ്ദുൽ മാലിക് തുടങ്ങിയവരും അവലോകനത്തില്‍ പങ്കെടുത്തു.