വിഖ്യാത കൃഷി ശാസ്ത്രജ്ഞൻ എം.എസ് സ്വാമിനാഥന് നാടിന്റെ  വിട. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ  ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ നടന്നു. കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ പി.പ്രസാദും കെ.കൃഷ്ണന്‍കുട്ടിയും അന്തിമോപചാരം അര്‍പ്പിച്ചു. 

ഇന്ത്യയുടെ കാർഷിക ജാതകം തിരുത്തിക്കുറിച്ച എം.എസ് സ്വാമിനാഥന്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈയിൽ നടന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് 98 വയസിൽ സ്വാമിനാഥൻ ലോകത്തോട് വിട പറഞ്ഞത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ പൊതുദർശനത്തിന് വച്ച് ഭൗതിക ശരീരത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ , ഗവർണർ ആർ.എൻ രവി ഉൾപ്പെടെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. കേരളത്തിൽനിന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി, കൃഷി മന്ത്രി പി.പ്രസാദ്, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവരും ആദരമർപ്പിച്ചു

തമിഴ്നാട് കുംഭകോണത്ത് ജനിച്ച് കുട്ടനാട്ടിൽ വളർന്ന സ്വാമിനാഥൻ ഐപിഎസ് ഉപേക്ഷിച്ചാണ്  കാർഷിക മേഖലയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത്. 1966 ൽ ഇന്ത്യൻ അഗ്രികൾച്ചർ ഇൻസ്റ്റിറ്റ്യൂട്ട് തലവനായതോടയാണ് ഇന്ത്യ കാർഷിക മേഖലയിൽ സ്വയം പര്യാപ്തമായത്. പിന്നീട് കുട്ടനാട്ടിലും, വയനാട്ടിലും അടക്കമുള്ള അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ കേരളത്തിന് വിസ്മരിക്കാൻ ആകാത്തതാണ്.രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിച്ച കാർഷിക മേഖലയുടെ പിതാവിനെയാണ് രാജ്യത്തിന് നഷ്ടമാകുന്നത്.

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.