ഏറ്റവുമധികം വൈവിധ്യമാര്‍ന്ന ചലച്ചിത്രങ്ങള്‍ ഒരുക്കിയ പകരംവയ്ക്കാനില്ലാത്ത പ്രതിഭയായിരുന്നു കെ.ജി. ജോര്‍ജ്. മനുഷ്യമനസിന്റെ ഉള്ളറകളിലേയ്ക്കുള്ള സഞ്ചാരമായിരുന്നു അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളിലും നാം കണ്ടത്. സിനിമാസ്വാദനത്തിന്റെ രീതികള്‍ ഓരോചിത്രത്തിലും അദ്ദേഹം പുതുക്കിക്കൊണ്ടിരുന്നു.
ആദ്യചിത്രത്തിന്റെ പേരുപോലെ മനുഷ്യമനസ്സുകളിലേയ്ക്കുള്ള സ്വപ്നാടനമായിരുന്നു കെ.ജി. ജോര്‍ജിന്റെ ഓരോ ചിത്രവും. 1975 ല്‍ അങ്ങനെയൊരുചിത്രത്തെക്കുറിച്ച് അസാമാന്യപ്രതിഭയ്ക്കുമാത്രമെ ചിന്തിക്കാനാകൂ. അത് ദേശീയ പുരസ്കാരത്തിനും അര്‍ഹമായി. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആഖ്യാനത്തിലും ദൃശ്യഭാഷയിലും ഇതുപോലെ വൈവിധ്യം കൊണ്ടുവന്ന മറ്റൊരുസംവിധായകനില്ല. കാല്‍പനിക സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച കോലങ്ങള്‍ ഗ്രാമ പശ്ചാത്തലത്തിലെ പ്രണയമാണ് പകര്‍ന്നത്. .ഡോ. ജോര്‍ജ് ഓണക്കൂറിന്റെ ഉള്‍ക്കടല്‍ സിനിമയാപ്പോള്‍ അത് മലയാളത്തിന് പുതിയ അനുഭവമായി. കോളജ് ക്യാംപസ് പശ്ചാത്തലമാകുന്ന ആചിത്രം ഇന്നും നമുക്ക് കണ്ടിരിക്കാം
മമ്മൂട്ടിക്ക് സിനിമയില്‍ സ്ഥാനം ഉറപ്പിച്ച മേളയും യവനികയും എത്രകണ്ടാലും മടുക്കില്ല യവനികയില്‍ തബലിസ്റ്റ് അയ്യപ്പനായി ഗോപി തകര്‍ത്താടിയത് ഇന്നും അഭിനയക്കളരികളിലെ പാഠമാണ്. ലേഖയുടെ മരണം ഒരുഫ്ലാഷ് ബാക്ക് കുറ്റാന്വേഷണ ചിത്രങ്ങളുടെ ആഖ്യാനരീതിയുടെയും. കൗമാര മനസുകളിലൂടെ സഞ്ചരിച്ച ആദാമിന്റെ വാരിയെല്ല് അണുകുടുംബങ്ങളിലെ വൈകാരിക തലങ്ങളാണ് അന്വേഷിച്ചത്. ആക്ഷേപ ഹാസ്യത്തിന് വിത്തുപാകിയ പഞ്ചവടിപ്പാലം വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടെ കഥയുടെ ദൃശ്യ പരിഭാഷയായി മാറി. സമ്പത്തിനോടുള്ള ആഭിമുഖ്യം എത്രമേല്‍ മനസുകളെ സ്വാധീനിക്കുമെന്ന കാട്ടിത്തന്നു ഇരകള്‍. കഥയ്ക്കുപിന്നില്‍ , മറ്റൊരാള്‍, യാത്രയുടെ അന്ത്യം, തുടങ്ങിയ ചിത്രങ്ങളിലേക്ക് എത്തുമ്പോഴും പരീക്ഷണ മനസ് വിട്ടിരിരുന്നില്ല കെ.ജി. ജോര്‍ജ്.
തിരക്കഥയ്ക്കും സംവിധാനത്തിനുമായി ഒന്‍പതുതവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അദ്ദേഹത്തെ 2015 ല്‍ സംസ്ഥാനത്തിന്റെ സമുന്നത പുരസ്കാരമായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ഭരതനെയും പത്മരാജനെയും പോലെ സിനിമയുടെ ചേരുവകള്‍ തന്നെ മാറ്റിമറിക്കുകയും അതെല്ലാം ജനങ്ങള്‍ സ്വീകരിക്കുകയും ചെയ്ത അതുല്യ ചലച്ചിത്രകാരനാണ് വിടപറയുന്നത്.