ബിജെപിയോടുള്ള എല്ലാ അറപ്പും വെറുപ്പും മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശന സമയത്തു പ്രാർഥനയിലൂടെ മാറിയെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി. മകന്റെ രാഷ്ട്രീയ പ്രവേശനവും ആന്‍റണിയുടെ കാലിന്‍റെ സ്വാധീനക്കുറവും 'കൃപാസന'ത്തില്‍ ഉടമ്പടി വച്ച് പ്രാര്‍ഥിച്ചതിലൂടെ മാറിയെന്നാണ് എലിസബത്ത് പറഞ്ഞത്. കോവിഡിന് പിന്നാലെ ആത്മവിശ്വാസം നശിച്ച് രാഷ്ട്രീയത്തില്‍ നിന്നും റിട്ടയര്‍മെന്‍റെടുത്തിരുന്ന ആന്‍റണി പ്രവര്‍ത്തക സമിതിയിലേക്ക് മടങ്ങിയെത്തിയതും പ്രാര്‍ഥനയുടെ ഫലമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വീടിനുള്ളില്‍ അനിലിനോട് ആര്‍ക്കും വിരോധമോ വൈരാഗ്യമോ ഇല്ലെന്നും ബിജെപിയില്‍ ചേര്‍ന്ന ശേഷം രണ്ട് തവണ വീട്ടില്‍ വന്നപ്പോഴും സൗമ്യമായി കാര്യങ്ങള്‍ കഴിഞ്ഞുവെന്നും അവര്‍ വ്യക്തമാക്കി. വീട്ടില്‍ ആരും രാഷ്ട്രീയം സംസാരിക്കരുതെന്ന നിര്‍ദേശം മാത്രമാണ് ആന്‍റണി മുന്നോട്ട് വച്ചെതന്നും എലിസബത്ത് പറയുന്നു. എലിസബത്ത് പറഞ്ഞതിന്‍റെ പൂര്‍ണരൂപം വായിക്കാം.

'എനിക്കും ഭര്‍ത്താവിനും (എ.കെ ആന്റണിക്കും) 2021 ല്‍ കോവിഡ് ബാധിച്ചു. എനിക്ക് അന്ന് വളരെ സീരിയസായി പോയി. സഹോദരന്‍ ഉടമ്പടിയെടുത്ത ആളായിരുന്നു. ബ്രദറും സഹോദരിമാരും വിഡിയോ കോളിലൂടെ പ്രാര്‍ഥിച്ചു. ബ്രദര്‍ ഉടമ്പടിയെടുത്ത ആളായത് കൊണ്ട് നെറ്റിയില്‍ തൈലം പൂശിയാണ് പ്രാര്‍ഥിച്ച് കൊണ്ടിരുന്നത്. ഒരു പാര്‍ശ്വഫലങ്ങളുമില്ലാതെ വിടുതല്‍ കിട്ടി. 48 ശതമാനം മാത്രമാണ് ലങ്സ് കപാസിറ്റി ഉണ്ടായിരുന്നുള്ളൂ. അമ്മ മാതാവിന്‍റെ മധ്യസ്ഥത കൊണ്ട്, ബ്രദര്‍ നെറ്റിയില്‍ തൈലം പൂശി , വിഡിയോ കോളിലൂടെ പ്രാര്‍ഥിച്ച് അദ്ഭുതകരമാം വിധം ഒരു സൈഡ് ഇഫക്ട്സുമില്ലാതെ ഞാന്‍ കോവിഡില്‍ നിന്നും  പുറത്തുവന്നു. അതേസമയം എന്‍റെ ഹസ്ബന്‍ഡിനാണെങ്കില്‍ ഒരുപാട് കോംപ്ലിക്കേഷനോട് കൂടിയാണ് പ്രാര്‍ഥനയില്‍ ഒന്നും വിശ്വാസമില്ലാ, ദൈവത്തിലൊന്നും വിശ്വാസമില്ലാത്ത ആളാണ് അദ്ദേഹം. പ്രാര്‍ഥിക്കുമ്പോഴെല്ലാം 'എല്‍സി പ്രാര്‍ഥിച്ചോ' എന്ന് എന്നോട് പറയും. എന്തായാലും അദ്ദേഹവും കോവിഡില്‍ നിന്നും നെഗറ്റീവായി പുറത്തുവന്നു.

ബ്രദറിന്‍റെ നിര്‍ദേശപ്രകാരമാണ് ജൂണില്‍ നമ്മള് നാട്ടിലേക്ക് തിരിച്ചു വന്നപ്പഴ് ഉടമ്പടി എടുത്തത്. എന്‍റെ ഹസ്ബന്‍ഡിന് തീര്‍ത്തും  ആ കോവിഡിന് ശേഷം സെല്‍ഫ് കോണ്‍ഫിഡന്‍സ് മൊത്തം നഷ്ടപ്പെട്ടു. കാല് രണ്ടും തളര്‍ച്ച വന്നത് പോലെ ആയി. അങ്ങനെയാണ് പൊളിറ്റിക്സില്‍ നിന്നും റിട്ടയര്‍മെന്‍റ് എടുത്ത് നാട്ടിലേക്ക് തിരിച്ചു പോന്നത്. അങ്ങനെ തീരുമാനമെടുത്ത്. എന്തായാലും ഞാന്‍ ഉടമ്പടിയെടുത്ത് പ്രാര്‍ഥിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന് ഒട്ടും ദൈവവിശ്വാസമൊന്നുമില്ല. ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു. ആദ്യത്തെ ഒരു 8 മാസത്തേക്ക് ഒന്നും, ഒരു നിയോഗം പോലും നടന്നില്ല. എനിക്ക് ഒത്തിരി ദുഖം ആയിരുന്നു. എല്ലാവര്‍ക്കും ഞാന്‍ സാക്ഷ്യം എല്ലാം വായിക്കുകയും ചെയ്യും, ഓണ്‍ലൈനിലൂടെ കേള്‍ക്കുകയും ചെയ്യും. എല്ലാവര്‍ക്കും അമ്മയുടെ അനുഭൂതിയും അതെല്ലാം അനുഭവിക്കാന്‍ സാധിച്ചിട്ടുണ്ട്. എനിക്ക് മാത്രം ഒന്നും സാധിക്കുന്നില്ല, ഒന്നും കിട്ടിയില്ല. എനിക്ക് ഭയങ്കര സങ്കടമായി. ഞാന്‍ പറഞ്ഞു ആള്‍ക്കാരെല്ലാം ഈ ഉടമ്പടി എടുത്ത ഉടനെ അമ്മയെ കാണാനും, ജനല് വഴി കാണാനും, വെളിച്ചം കാണാനും ഒക്കെ സാധിച്ചുവെന്നൊക്കെ പറയുന്നത് വല്ല ഉഡായിപ്പും ആയിരിക്കും. അല്ലാതെ ബഹു. ജോസഫച്ചന്‍ പോലും അദ്ദേഹത്തിന്‍റെ ഒരു ജന്‍മം മൊത്തം മാതാവിന് വേണ്ടി ഉഴിഞ്ഞു വച്ചതിന് ശേഷമാണ് മാതാവിനെ അള്‍ത്താരയില്‍ ദര്‍ശിച്ചത്. ആള്‍ക്കാരെല്ലാം പറയുന്നത് വെറും ഉഡായിപ്പാണെന്നായിരുന്നു ഞാന്‍ വിചാരിച്ചത്. എന്താണേലും ഞാന്‍ ബൈബിള്‍ വായിക്കും. ഉടമ്പടി പ്രകാരമുള്ള എല്ലാം കൃത്യമായി ചെയ്തുകൊണ്ടിരുന്നു. എന്നിട്ടും എന്‍റെ ഉടമ്പടിയിലെ നിയോഗം എന്താ സാധിക്കാത്തതെന്ന് ‍ഞാന്‍ ഓര്‍ത്ത് എനിക്ക് വളരെ സങ്കടം തോന്നി. 

ഞാന്‍ എല്ലാ ചൊവ്വാഴ്ചകളിലുമുള്ള ഉടമ്പടി ധ്യാനം, ഓണ്‍ലൈനില്‍ അറ്റന്‍ഡ് ചെയ്യും. ഒരുധ്യാനത്തില്‍ അച്ചന്‍ പറഞ്ഞു എല്ലാവരും ഉടമ്പടിയെടുക്കും പക്ഷേ ദൈവം അത് സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ പരിശോധിക്കണമെന്ന്. അപ്പോള്‍ ഞാന്‍ വിചാരിച്ചു 'മഹാപാപി എന്‍റെ നിയോഗം ദൈവം സ്വീകരിച്ചില്ല'. ഉടമ്പടിയും സ്വീകരിച്ചിട്ടില്ല എന്ന് വിചാരിച്ചിട്ട് എന്നും അഞ്ചരയാകുമ്പോള്‍ പ്രത്യക്ഷീകരണ പ്രാര്‍ഥന പ്രാര്‍ഥിക്കാനായിട്ട് തുടങ്ങുകയായിരുന്നു. അപ്പഴ് ഞാന്‍ മനസില്‍ വിചാരിച്ചു എന്‍റെ ഉടമ്പടി ദൈവം സ്വീകരിച്ചിട്ടില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിന് ഈ പ്രത്യക്ഷീകരണ പ്രാര്‍ഥന ചൊല്ലുന്നത് എന്ന് വിചാരിച്ചിട്ട് ഞാന്‍ ബൈബിള്‍ എടുത്ത് വായിക്കാന്‍ തുടങ്ങി. അപ്പഴ് എന്‍റെ ചെവിയില്‍ 2 സാമുവല്‍ 23.5 ആരോ വിസ്പര്‍ ചെയ്യുന്നത് പോലെയാണ് തോന്നിയത്. മെയില്‍ വോയിസാണോ, ഫീമെയില്‍ വോയിസാണോ എന്നെനിക്ക് അറിയില്ല. രണ്ട് ചെവിയിലും മാറി മാറി റിപ്പീറ്റ് ആയിട്ട് 2 സാമുവല്‍ 23.5 എന്നിങ്ങനെ വിസ്പര്‍ ചെയ്തു. അപ്പോ ഞാന്‍ ബൈബിള്‍ കയ്യില്‍ ഉണ്ടായിരുന്നത് കൊണ്ട് ഉടനെ തന്നെ എടുത്ത് വായിച്ചപ്പോള്‍ എനിക്ക് കിട്ടിയ വചനം അവിടുന്ന് എന്നോട് ശാശ്വതമായ ഉടമ്പടി ചെയ്തിരിക്കുന്നു. സുരക്ഷിതമായി സംവിധാനം ചെയ്ത ഉടമ്പടി. അവിടുന്ന് എന്‍റെ രക്ഷയും അഭിലാഷവും സാധിച്ചുതരും. അപ്പഴ് എനിക്ക് ഉറപ്പായി ദൈവം എന്‍റെ ഉടമ്പടി സ്വീകരിച്ചു. അതിന് എന്താണ് അതിനുള്ള എന്‍റെ കാര്യം നടന്ന് കിട്ടാനുള്ള കാലതാമസം എന്താണെന്ന് ഞാന്‍ പരിശോധിക്കണം എന്നെനിക്ക് മനസിലായി. ഉടനെ തന്നെ ഞാന്‍ വളരെ ഉല്‍സാഹത്തോടെ പ്രത്യക്ഷീകരണ പ്രാര്‍ഥനയും രോഗീസന്ദര്‍ശനവും ജീവകാരുണ്യ പ്രവര്‍ത്തനവും എല്ലാം കുറച്ച് കൂടെ ഉല്‍സാഹത്തോടെ ചെയ്യാന്‍ തുടങ്ങി. അപ്പോഴ് എട്ട് മാസം കഴിഞ്ഞു. ഞാന്‍ നിരാശയില്‍ ഇരുന്നത് കൊണ്ട് ഉടമ്പടിയൊന്നും പുതുക്കിയിരുന്നില്ല. ഉടനെ തന്നെ ഫെബ്രുവരിയില്‍ വന്ന് ഞാന്‍ ഉടമ്പടിയെല്ലാം പുതുക്കി. പിന്നെ അച്ചന്‍റെ എല്ലാ ധ്യാനവും ഓണ്‍‍ലൈന്‍ ഞാന്‍ വളരെ ശ്രദ്ധയോടെ അറ്റന്‍ഡ് ചെയ്യും. അതില്‍ ഒരു കാര്യത്തില്‍ അച്ചന്‍ പറഞ്ഞു എല്ലാവരും ഒരു മാസത്തില്‍ രണ്ടു പ്രാവശ്യം കുമ്പസാരിക്കണം. ഞാന്‍ കുമ്പസാരിക്കാതെയാണ് പരിശുദ്ധ കുര്‍ബാന സ്വീകരിച്ചുകൊണ്ടിരുന്നത്. രണ്ട് വര്‍ഷം മുന്‍പ് ഒരു കുമ്പസാര കോണ്‍ട്രവര്‍സി ഒക്കെ വന്നപ്പോഴ് എനിക്ക് അച്ചന്‍മാരെപ്പറ്റിയൊക്കെ പുച്ഛമായി. പിന്നെ ഞാന്‍ കുമ്പസരിക്കാന്‍ ഒന്നും കൂട്ടാക്കാതെ ഞാന്‍ പ്രേഷിത വേലയൊക്കെ കൃത്യമായി ചെയ്തുവെങ്കിലും.. അച്ചന്‍ അങ്ങനെ എല്ലാവരും ഒരു മാസത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും കുമ്പസാരിക്കണം എന്ന് പറഞ്ഞതോടെ അപ്പഴ് ഞാന്‍ പോയി കുമ്പസരിച്ചു. പരിശുദ്ധകുര്‍ബാനയൊക്കെ സ്വീകരിച്ചു. എനിക്ക് സ്പിരിച്വല്‍ ആയി എന്തൊക്കെയായി കുറവുള്ളതെന്ന് ഞാനിങ്ങനെ പരിശോധിച്ചു. ഉടനെ തന്നെ ഒത്തിരി മാറ്റം സംഭവിച്ചു. 

എന്‍റെ ഹസ്ബന്‍ഡിന് ദൈവവിശ്വാസമൊന്നുമില്ല. ആരെങ്കിലും കയ്യില്‍ പിടിച്ചുകൊണ്ട് പോയില്ലെങ്കില്‍ അദ്ദേഹത്തിന് ക്രൗഡിന്‍റെ അകത്തൂടെ ഒന്നും പോകാന്‍ പറ്റില്ല,കാലൊന്ന് പതുക്കെ ഒന്ന് വേച്ചാല്‍ മതി വീഴും. അല്ലാതെ തന്നെ തലചുറ്റി വീഴും. എന്താ റീസണ്‍ എന്നൊന്നും അറിഞ്ഞുകൂട. സെല്‍ഫ് കോണ്‍ഫിഡന്‍സ് ഒക്കെ പോയി. അപ്പഴാണ് പരിശുദ്ധ അമ്മ എനിക്ക്  ദര്‍ശനം ഒന്നും തന്നില്ലെങ്കിലും തക്കസമയത്ത് വചനം തരും. അങ്ങനെ എനിക്ക് 1 കൊറിന്തോസ് 7.13–15 വരെയുള്ള വചനം അമ്മ തന്നു. ഏതെങ്കിലും അവിശ്വാസിയായ ഭര്‍ത്താവിന് വിശ്വാസിയായ ഭാര്യയുണ്ടെങ്കില്‍ അവിശ്വാസിയായ ഭര്‍ത്താവ്, വിശ്വാസിയായ ഭാര്യ മുഖാന്തരം ശുദ്ധീകരിക്കരിക്കപ്പെടും. അതുകൂടാതെ എനിക്ക് വേറെ വചനം തന്നു. ഭാര്യയും ഭര്‍ത്താവും ഏകശരീരം ആണ്. കര്‍ത്താവ് അങ്ങനെയും പറഞ്ഞിട്ടുണ്ട്. ഞാന്‍ വിശ്വസിച്ച് എന്‍റെ കാലില്‍ വിശ്വാസ പ്രമാണം ചൊല്ലി. മത്തായി 19.6 ഭാര്യയും ഭര്‍ത്താവും ഏകശരീരമാണ് കര്‍ത്താവേ, എന്‍റെ ഭര്‍ത്താവ് അവിശ്വാസിയാണ്..ആ അവിശ്വാസം പരിഹരിച്ച് എന്‍റെ ഭര്‍ത്താവിന്‍റെ കാലിന് സ്വാധീനം കൊടുക്കണം. അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് സെല്‍ഫ് കോണ്‍ഫിഡന്‍സ് എല്ലാം നഷ്ടപ്പെട്ട് വിരമിച്ചിരിക്കുകയാണ്. എനിക്കും മക്കള്‍ക്കും അദ്ദേഹത്തിന്‍റെ ഈ അവസ്ഥ സഹിക്കാന്‍ പറ്റുന്നില്ലായിരുന്നു. എന്തായാലും കഴിഞ്ഞ 15–ാം തിയതി അദ്ദേഹത്തിന് അദ്ഭുതകരമാം വിധം വീണ്ടും വര്‍ക്കിങ് കമ്മിറ്റിയിലോട്ട് തിരഞ്ഞെടുക്കപ്പെട്ടപ്പോഴ് അത് സ്വീകരിച്ചു. സെല്‍ഫ് കോണ്‍ഫിഡന്‍സ് തിരിച്ചു വന്നു. തനിയെ യാത്ര ചെയ്ത് 15–ാം തിയതി ഹൈദരാബാദിലെ വര്‍ക്കിങ് കമ്മിറ്റി മീറ്റിങില്‍ പങ്കെടുത്തിട്ട് തിരിച്ചും വന്നു. അതിന് പരിശുദ്ധ അമ്മയോട് ഒത്തിരി നന്ദി.

പിന്നെ എന്‍റെ മൂത്തമകന്‍, രാഷ്ട്രീയത്തില്‍ ജോയിന്‍ ചെയ്യണമെന്ന് അവന്‍റെ വലിയ സ്വപ്നമായിരുന്നു.  അപ്പൊ അവന്‍ എന്‍ജിനീയറിങ് ഗ്രാജ്വേഷന്‍ കഴിഞ്ഞ് ഫര്‍തര്‍ സ്റ്റഡീസിന് വേണ്ടി സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയില്‍ പോയി. അവിടെ അവന്‍ പഠിച്ച് എല്ലാം കഴിഞ്ഞപ്പോ അവന് അവിടെ നല്ല ജോലിയെല്ലാം കിട്ടിയതാ. പക്ഷേ അവന് രാഷ്ട്രീയത്തില്‍ താല്‍പര്യം ഉള്ളത് കൊണ്ട് തിരിച്ചുവന്നു. അവന് രാഷ്ട്രീയത്തില്‍ എന്‍റര്‍ ചെയ്യാനുള്ള തടസം മാറ്റാനാണ് ഞാന്‍ രണ്ടാമത്തെ നിയോഗം വച്ചത്. അവിടെ വര്‍ക്കിങ് കമ്മിറ്റിയില്‍, ചിന്തന്‍ ശിബിരില്‍ മക്കള്‍ രാഷ്ട്രീയത്തിനെതിരായി അവര് പ്രമേയം പാസാക്കി. ദാറ്റ് മീന്‍സ് എന്‍റെ രണ്ട് മക്കള്‍ക്കും  എത്ര ആഗ്രഹിച്ചാലും പൊളിറ്റിക്സില്‍ എന്‍റര്‍ ചെയ്യാന്‍ പറ്റില്ല എന്നതാണ്. എന്‍റെ ഹസ്ബന്‍ഡ് ആണെങ്കില്‍ ഒന്നും അതിന് വേണ്ടി പരിശ്രമിക്കുകയോ, മക്കള്‍ക്ക് വേണ്ടി ഒരു കാര്യവും ചെയ്തു കൊടുക്കൂല. അങ്ങനെ ഇരുന്നപ്പൊ ഞാന്‍ പരിശുദ്ധ അമ്മയുടെ അടുത്ത് നിയോഗം വച്ചു. എനിക്ക് അറിഞ്ഞൂട. നമ്മള്‍ ആരും പ്രതീക്ഷിക്കാത്ത രീതിയിലാണ് കാര്യങ്ങള് പോയത്. പെട്ടെന്ന് ഒരു ബിബിസി കോണ്‍ട്രവര്‍സി വരികയും അത് ഭയങ്കരമായി സോഷ്യല്‍ മീഡിയ വഴി നമ്മളെയെല്ലാം.. ഒരുപാട് പ്രശ്നങ്ങളൊക്കെ വരികയും ചെയ്തു. ഞാന്‍ അമ്മയോട് പറഞ്ഞു, മാതാവേ എല്ലാം കൈവിട്ടുപോയോ? എനിക്ക് ഇനിയെന്താണ്..അമ്മയ്ക്ക് മാത്രമേ ഇനി ഞങ്ങളെ രക്ഷിക്കാന്‍ പറ്റുള്ളൂ. എന്‍റെ മകന്‍റെ വല്യ സ്വപ്നമാണ് അവന് രാഷ്ട്രീയത്തില്‍ എന്‍റര്‍ ചെയ്യുക എന്നുള്ളത്. എല്ലാവര്‍ക്കും അറിയാവല്ലോ അമ്മമാര് എത്രയാണ് മക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ചെയ്യുന്നതെന്ന്. എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല. ഞാനമ്മയോട് കരഞ്ഞു പറഞ്ഞു. എന്‍റെ മകന്‍റെ ഭാവി.. അവനിപ്പോ 39 വയസായി. അവന് ഇത്രയും വിദ്യാഭ്യാസമൊക്കെ ഉള്ള മകന് അവന്‍റെ ആഗ്രഹം സാധിക്കുന്നില്ല. ഞാന്‍ അമ്മയോട് ഒത്തിരി കരഞ്ഞു പറഞ്ഞു. അപ്പഴ് അവന്‍ എന്നെ വിളിച്ചു ' അമ്മാ.. എന്നെ പിഎംഒയില്‍ നിന്ന് വിളിച്ചു. അവര് എന്നോട് ബിജെപിയില്‍ ചേരാനാണ് പറഞ്ഞത്. ബിജെപിയില്‍ ചേര്‍ന്നാല്‍ നിനക്ക് ഒരുപാട് അവസരങ്ങളുണ്ടാകുമെന്ന്.' അപ്പോ നമ്മള് വിശ്വസിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ്. നമ്മള് ജീവിച്ചതും ആ പാര്‍ട്ടിയിലാണ്. അങ്ങനെ ബിജെപിയിലേക്ക് പോകുന്ന കാര്യം ആലോചിക്കാന്‍ പോലും വയ്യ. ഞാന്‍ ഇവിടെ വന്ന് അമ്മയോട് ആലോചന ചോദിക്കാനായിട്ട് , ബഹു. ജോസഫച്ചന്‍റെ അടുത്ത് തുണ്ട് കൊടുത്തു. അച്ചന്‍ അമ്മയുടെ കാല്‍ക്കല്‍ തുണ്ട് വച്ച് പ്രാര്‍ഥിച്ചിട്ട് പറഞ്ഞു..' അവന്‍ തിരിച്ചുവരാന്‍ പ്രാര്‍ഥിക്കണ്ട, അവന് അവിടെ നല്ലൊരു ഭാവി അമ്മ കാണിച്ചു തരുന്നുണ്ട്' എന്ന്. ഉടനെ തന്നെ എന്‍റെ മനസ് അമ്മ മാറ്റിത്തന്നു. ബിജെപിയോടുള്ള എല്ലാ വെറുപ്പും അറപ്പും ദേഷ്യവും എല്ലാം അമ്മ ഓണ്‍ ദ സ്പോട്ട് മാറ്റി എനിക്ക് വേറെ ഒരു ഹൃദയം തന്നു. അവനെ അംഗീകരിക്കാനുള്ള മനസ് തന്നു. പക്ഷേ എന്‍റെ വീട്ടിലേക്ക് ഞാന്‍ കയറിച്ചെല്ലുമ്പോള്‍ എന്‍റെ വീട്ടുകാരോട് എന്താണ് പറയണത്? ഹസ്ബന്‍ഡിന് വലിയ ഷോക്ക് ആകും. 

ഞാന്‍ ഒന്നും മിണ്ടാതെ വീട്ടില്‍ പോയി. നാലുദിവസം കഴിഞ്ഞപ്പോള്‍ ചാനലിലൂടെ അവന്‍ ബിജെപിയില്‍ ചേര്‍ന്ന വിവരം അറിഞ്ഞു. ഹസ്ബന്‍ഡിന് വല്യ ഷോക്കായി. ഞാന്‍ അമ്മയോട് ഇവിടുന്നേ പറഞ്ഞിട്ടാ പോയത്. 'അമ്മേ ഞാന്‍ എന്‍റെ വീട്ടിലേക്ക് പോകുവാ, അമ്മ പറഞ്ഞത് പ്രകാരം കാര്യങ്ങള്‍ ഒരു പരാതിയും ഇല്ലാതെ ഞാന്‍ ഏറ്റെടുക്കുവാ. അമ്മ എന്‍റെ വീട്ടിലെ ക്രമസമാധാനനിലയും കൂടി കൈകാര്യം ചെയ്തേക്കണമെന്ന്'. എന്‍റെ ഹസ്ബന്‍ഡിന് വല്യ ഷോക്കായിരുന്നു. എങ്കിലും വളരെ സൗമ്യതയോടെ അദ്ദേഹം ആ സിറ്റുവേഷന്‍ അദ്ദേഹം തരണം ചെയ്തു. എന്‍റെ മകന്‍ വീട്ടിലേക്ക് അതിന് ശേഷം വരുമ്പോള്‍ വല്ല പൊട്ടിത്തെറിയും ഉണ്ടാകുമോ എന്നോര്‍ത്ത് എനിക്ക് വല്യ ഭയമായിരുന്നു. പക്ഷേ പരിശുദ്ധ അമ്മ എല്ലാവരുടെയും മനസ് കൂള്‍ഡൗണ്‍ ചെയ്ത്, സൗമ്യമായി സംസാരിക്കാന്‍ ഉള്ള അവസരമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സമാധാനത്തിന്‍റെ രാജ്ഞിയായ അമ്മ എന്‍റെ മകന്‍ വേറൊരു പൊളിറ്റിക്സില്‍ എന്‍റര്‍ ചെയ്തതിന് ശേഷം വീട്ടില്‍ വന്നപ്പോള്‍ എല്ലാ കാര്യങ്ങളും സൗമ്യമായി കഴിഞ്ഞു. ഹസ്ബന്‍ഡ് പറഞ്ഞു 'മോനെ നീ വീട്ടില്‍ വരുന്നതിന് പപ്പ ഒരെതിരും ഇല്ല. പക്ഷേ രാഷ്ട്രീയം മാത്രം ആരും വീട്ടില്‍ സംസാരിക്കാന്‍ പാടില്ല. കുടുംബകാര്യങ്ങള്‍ മാത്രം'.അങ്ങനെയൊരു കാര്യമായി. ഇപ്പോള്‍ രണ്ട് പ്രാവശ്യം അവന്‍ വീട്ടില്‍ വന്നു. ആരും വൈരാഗ്യമോ വിരോധമോ ഇല്ലാത്തവിധം അവനോട് പെരുമാറുന്നുണ്ട്. വീട്ടില്‍ അവനെ ഒറ്റപ്പെടുത്തിയിട്ടുമില്ല. അങ്ങനെ അമ്മ എന്‍റെ മകന്റെ ഒരു തലമുറയുടെ കാലയളവാണ് ചുരുക്കി തന്നത്'. 

No hatred towards BJP now, says AK Antony's wife Elisabeth Antony

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ