search

അയ്യന്തോൾ, തൃശൂർ സർവീസ് സഹകരണ ബാങ്കുകളിൽ നടത്തിയ പരിശോധനകളിൽ ഇ.ഡി കേസിലെ പ്രതി പി.സതീഷ് കുമാർ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ കണ്ടെടുത്തു.  കള്ളപ്പണം വെളുപ്പിച്ചതിന് അറസ്റ്റ് ചെയ്ത പി.സതീഷ് കുമാർ തൃശൂരിലെ കൊള്ള പലിശക്കാരനാണ്. 

 

 ഇ ഡി ഉദ്യോഗസ്ഥരുടെ റെയ്ഡ് അയ്യന്തോൾ ബാങ്കിൽ മാത്രം 25 മണിക്കൂർ നീണ്ടു. രാവിലെ എട്ടരയോടെയാണ് അവസാനിച്ചത്. തൃശൂർ സർവീസ് സഹകരണ ബാങ്കിലെ റൈഡ് ഇന്ന് പുലർച്ചെ രണ്ടിനും അവസാനിച്ചു. രണ്ട് ബാങ്കുകളിൽ നിന്നും പിടിച്ചെടുത്ത സാമ്പത്തിക ഇടപാടിന്റെ രേഖകൾ വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിക്കും. അയ്യന്തോൾ ബാങ്കിൽ സതീഷ് കുമാർ 40 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇക്കാര്യം തെളിവുകൾ സഹിതം മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. തൃശൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് ആറായിരം അക്കൗണ്ടുകളുടെ വിവരങ്ങൾ കണ്ടെടുത്തു.  ഇ.ഡി. റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡന്റുമായ എം.കെ. കണ്ണൻ ആരോപിച്ചു.

 

ബാങ്കിലെ എല്ലാ രേഖകളും ഇഡിയ്ക്ക് കൈമാറിയെന്ന് അയ്യന്തോൾ ബാങ്ക് പ്രസിഡന്റ് പറഞ്ഞു. സഹകരണ ബാങ്ക് അഴിമതികളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ ജില്ലയില്‍ പന്ത്രണ്ടിടത്ത് മാര്‍ച്ചുകള്‍ നടത്തി. അയ്യന്തോള്‍ ബാങ്കിനു മുമ്പില്‍ നടന്ന മാര്‍ച്ച് മുന്‍ എം.എല്‍.എ: അനില്‍ അക്കര ഉദ്ഘാടനം ചെയ്തു. കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് പദയാത്ര സംഘടിപ്പിക്കാന്‍ ബി.ജെ.പി. തീരുമാനിച്ചു. ഒക്ടോബര്‍ രണ്ടിന് തുടങ്ങുന്ന പദയാത്ര മുന്‍ എം.പി.: സുരേഷ് ഗോപിയാണ് നയിക്കുന്നത്. തുടര്‍ച്ചയായ ഇ.ഡി. റെയ്ഡുകള്‍ സംബന്ധിച്ച് പുതിയ പ്രസ്താവന സി.പി.എം പുറത്തിറക്കിയിട്ടില്ല.