edakkara-home--HD

ചോര്‍ന്നൊലിക്കാത്ത വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്‍റെ സന്തോഷത്തിലാണ് മലപ്പുറം എടക്കര മൂത്തേടം സ്വദേശികളായ 105 വയസുകാരന്‍ നാരായണനും 96 വയസുകാരി ഭാര്യ വളളിയും. പാലേമാട്ടെ കെ ആർ ഭാസ്കരൻ പിള്ളയാണ് ദമ്പതികള്‍ക്ക് പുതിയ വീട് സമ്മാനിച്ചത്.

 

 പരസ്പരം ഇണങ്ങിയും പിണങ്ങിയും ഈ വീട്ടിൽ നാരായണനും വളളിക്കുമിനി താമസിക്കാം. പാലേമാട് വിവേകാനന്ദ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ കെ ആർ ഭാസ്കരൻ പിള്ളയാണ് ഈ സന്തോഷത്തിന് പിന്നിൽ. വീടിന് പുറത്തിറങ്ങാതെ പ്രാഥമിക കൃത്യങ്ങള്‍ നിർവഹിക്കാൻ കഴിയുന്ന ശുചിമുറി സൗകര്യമടക്കമുള്ള കോൺക്രീറ്റ് വീടാണ് നിര്‍മിച്ചു നല്‍കിയത്. 

 

നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടപ്പിച്ച വയോജനദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നാരായണനും വള്ളിയും വീടില്ലാത്തതിന്റെ സങ്കടംപങ്കുവച്ചത്. ചോർന്നൊലിക്കുന്ന തകർന്നു വീഴാറായ കൊച്ചുകുടിലിലായിരുന്നു ഇരുവരുടെയും താമസം. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഭാസ്കരൻ പിള്ള വിഷമം അറിഞ്ഞതോടെ വേദിയിൽ വച്ച് തന്നെ വീട് നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പുഷവല്ലിയും സഹപ്രവർത്തകരും നാരായണനും വള്ളിക്കും വസ്ത്രങ്ങളുമായെത്തിയിരുന്നു