abkari

അബ്കാരി ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ഉയർത്തി സിനിമ നിർമാതാക്കൾ .സിനിമയിലെ മദ്യപാന രംഗത്തിന് മുന്നറിയിപ്പ് നല്‍കിയില്ലെങ്കില്‍ പിഴ ചുമത്താനുള്ള നീക്കം പുനപരിശോധിക്കണമെന്ന് അഭ്യർഥിച്ച് നിർമാതാക്കളുടെ സംഘടനയായ  പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മന്ത്രി എം.ബി.രാജേഷിന് കത്ത് നൽകി. അബ്കാരി ഭേദഗതി ബിൽ നിയമസഭ സെലക്ട് കമ്മിറ്റിക്ക് വിട്ടതിന് പിന്നാലെയാണ് നിർമാതാക്കളുടെ പ്രതികരണം.

 

അബ്കാരി നിയമത്തിലെ 55 എച്ച്, 55 ഐ വകുപ്പുകൾ പ്രകാരം സിനിമയിൽ മുന്നറിയിപ്പ് കൊടുക്കാതിരിക്കുന്നതും നിയമവിരുദ്ധമായ മദ്യ പരസ്യങ്ങൾ നൽകുന്നതും ക്രിമിനൽ കുറ്റമായിരുന്നത് ഒഴിവാക്കിയാണ് ഇനി മുതൽ അമ്പതിനായിരം രൂപ പിഴ ചുമത്താനുള്ള ഭേദഗതി വരുന്നത്. എന്നാൽ മദ്യപാനരംഗത്ത് മുന്നറിയിപ്പ് നല്‍കുക പ്രായോഗികമല്ലെന്നും ഇത് സിനിമയുടെ സര്‍ഗാത്മകതയെ  ബാധിക്കുമെന്നുമാണ് നിർമാതാക്കളുടെ വാദം. സിനിമയെ വിദ്യാഭ്യാസപരമായി കാണാതെ വിനോദ ഉപാധിയായി കാണണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി MBരാജേഷിന് നിർമാതാക്കൾ കത്ത് നൽകിയത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചട്ടപ്രകാരമാണ് രാജ്യത്തെ സിനിമകൾ സെൻസർ ചെയ്യുന്നത്. ഈ ചട്ടപ്രകാരം പുകവലിക്കെതിരായ അറിയിപ്പ് സിനിമയിൽ നൽകുന്നുണ്ട്. ചില സിനിമകളിൽ മദ്യപാനത്തിന് എതിരെയുള്ള അറിയിപ്പ് നിർമാതാക്കൾ സ്വന്തം ഇഷ്ടപ്രകാരമാണ് എഴുതിക്കാണിക്കുന്നത്. ഇതിനിടെയാണ് രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത രീതിയിൽ അബ്കാരി ഭേദഗതി ബിൽ വഴി പുതിയ വ്യവസ്ഥകൾ അടിച്ചേൽപിക്കുന്നതെന്നും നിർമാതാക്കൾ ആരോപിക്കുന്നു. ഇത് പുനപരിശോധിക്കണമെന്നാണ് സിനിമ നിർമാതാക്കളുടെ അഭ്യർഥന.