loan

TAGS

വയനാട്ടിൽ ആത്മഹത്യ ചെയ്ത ഗൃഹനാഥന് ഓൺലൈൻ വായ്പ ആപ്പിന്റെ ഭീഷണി ഉണ്ടായിരുന്നെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസ്. ആത്മഹത്യ ചെയ്ത അജയരാജിന്റെ ഫോൺ പരിശോധിച്ച പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. 

 

സെപ്റ്റംബർ 9ന് 3,747 രൂപയാണ് അജയരാജ് കാൻഡി ക്യാഷ് എന്ന ആപ്പ് വഴി വായ്പ എടുത്തത്. തിരിച്ചടവിന് സമയമായപ്പോൾ രണ്ടുദിവസത്തെ സാവകാശം ചോദിച്ചെങ്കിലും അനുവദിച്ചില്ല. അരമണിക്കൂറിനുള്ളിൽ പണം അടച്ചില്ലെങ്കിൽ ഫോണിൽ നിന്ന് ശേഖരിച്ച അഞ്ഞൂറിലേറെ നമ്പറുകളിലേക്ക് വ്യാജ അശ്ലീല ദൃശ്യങ്ങൾ അയച്ചുകൊടുക്കുമെന്ന് ഭീഷണി. ആത്മഹത്യയ്ക്ക് മിനിറ്റുകൾ മുന്നേയും അജയരാജന്റെ ഫോണിൽ ഭീഷണി സന്ദേശം എത്തിയതായി വിവരമുണ്ട്. വായ്പാ തിരിച്ചടവ് പൂർത്തിയാക്കിയിരുന്നൊ, എത്ര നാളായി ഭീഷണിയുണ്ട്, വ്യാജ അശ്ലീല ദൃശ്യങ്ങൾ ആർക്കെല്ലാം അയച്ചുകൊടുത്തു തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. നിരവധി വ്യക്തികളിൽ നിന്ന് അജയരാജ് കടം വാങ്ങിയിരുന്നതായും വിവരമുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളും ബാധ്യതകളും കണ്ടെത്താനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തുനിന്നുണ്ട്. ഫോണിന്റെ പരിശോധന പൂർത്തിയാകുന്നതോടെ ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കാനാണ് പൊലീസിന്റെ നീക്കം.