dogattack

TAGS

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിച്ച് പൊലീസ്. വാടകയ്ക്ക് നല്‍കുന്ന പൊലീസ് നായയുടേയും പൊലീസ് ലാത്തിയുടേയും ഉള്‍പ്പെടെ ദിവസ വാടകയും കൂട്ടിയതില്‍ ഉള്‍പ്പെടുന്നു. നവംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഘോഷയാത്ര നടത്തുന്നതിന് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2000 രൂപയും സബ് ഡിവിഷന്‍ പരിധിയില്‍ 4000 രൂപയും ജില്ലയാകെ നടത്തുന്നതിന് 10000 രൂപയും നല്‍കണം. 

കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഫീസ് 555 രൂപയില്‍ നിന്ന് 610 രൂപയാക്കി. വാടകക്കാരെ കുറിച്ചും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ കുറിച്ചും പരിശോധന നടത്തുന്നതിന് 1000 രൂപ നല്‍കണം. ഡിവൈഎസ്പിയുടെ പരിധിയില്‍ ചടങ്ങുകള്‍ നടത്തുന്നതിന് 1000 രൂപ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാഹനം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റിന് 1000 രൂപ. മൈക്ക് ലൈസന്‍സിന് 15 ദിവസത്തേക്ക് 365 രൂപ നല്‍കണം. ജില്ലയാകെ ഓടുന്ന വാഹനത്തില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്താന്‍ 610 രൂപയാണ് നല്‍കേണ്ടത്. സംസ്ഥാനത്തൊട്ടാകെ മൈക്ക് അനൗണ്‍സ്മെന്റ് നടത്താന്‍ അഞ്ച് ദിവസത്തേക്ക് നല്‍കേണ്ടത് 6070 രൂപ. 

റൈഫിള്‍, ലാത്തി, ഹെല്‍മറ്റ് എന്നിവ ഉള്‍പ്പെടെ സിനിമാ ഷൂട്ടിങ്ങിന് പോകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല് മണിക്കൂറില്‍ നല്‍കേണ്ട നിരക്കും പുതുക്കി. ഇസ്പെക്ടര്‍ക്ക് പകല്‍ 3340 രൂപയും രാത്രി 4370 രൂപയുമാണ് നല്‍കേണ്ടത്. എസ്ഐക്ക് പകല്‍ 2250 രൂപയും രാത്രി 3835 രൂപയും നല്‍കണം. പൊലീസ് നായയ്ക്ക് ഒരു ദിവസത്തേക്കോ അതില്‍ താഴെ സമയത്തേക്കോ നല്‍കേണ്ടത് 7280 രൂപയാണ്. ബാങ്കുകളില്‍ പണം എത്തിക്കാനുള്ള എസ്കോര്‍ട്ടിന് സിഐക്ക് 1475 രൂപയും എസ്ഐക്ക് 1240 രൂപയുമാണ് നല്‍കേണ്ടത്.