സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി വിശദീകരണവുമായി വ്ലോഗർ ഷക്കീര്‍ സുബാന്‍. തന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് ഷക്കീര്‍ സംഭവിച്ചത് വിശദീകരിച്ചത്.
ഷക്കീറിന്റെ വാക്കുകള്‍ ഇങ്ങനെ:
ആ സ്ത്രീയാണ് തനിക്കു ആദ്യം മെസേജ് അയക്കുന്നത്. അവര്‍ തന്റെ വലിയ ഫാനാണെന്നൊക്കെ പറഞ്ഞു. കാണാന്‍ വന്നപ്പോള്‍ ആ സ്ത്രീയുടെ ഒരു പയ്യനും ഉണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം അവര്‍ തനിക്കു മെസേജുകള്‍ അയക്കുമായിരുന്നു. പ്രത്യേകം പറയേണ്ട ഒരു കാര്യം ആ സ്ത്രീയുമായി താന്‍ വാട്സാപ്പില്‍ ചാറ്റ് ചെയ്തിട്ടില്ല. ഇന്നു വരെ. ആ പയ്യനുമായിട്ടായിരുന്നു ഞാന്‍ ബന്ധപ്പെട്ടിരുന്നത്.
ഒരു ദിവസം രാത്രി അവര്‍ എന്നെ കാണാന്‍ വന്നു. ഞാന്‍ നല്ല ഉറക്കക്ഷീണത്തിലായിരുന്നു. അവര്‍ സംസാരിച്ചത് കൂടുതലും സാമ്പത്തിക കാര്യങ്ങളായിരുന്നു. അവര്‍ക്കു എന്തെങ്കിലും സാമ്പത്തികസഹായം കിട്ടുമോ എന്നറിയാനായിരുന്നു. ആ സ്ത്രീ നാട്ടിലേക്കു വരുമ്പോള്‍ ആറു ലക്ഷംരൂപയായിരുന്നു ഉണ്ടായിരുന്നത്. അതെല്ലാം കഴിഞ്ഞു. കൂടെയുണ്ടായിരുന്ന പയ്യന് ജോലിക്കു പോകാറില്ല. സ്ത്രീ സംസാരിച്ചത് ഇംഗ്ലീഷിലും പയ്യന്‍ മലയാളത്തിലുമാണ് സംസാരിച്ചത്.
സംസാരത്തിനിടെ ഈ സ്ത്രീയില്‍ തനിക്കു താല്‍പര്യമില്ലെന്നും തനിക്കു വേറെ പെണ്‍സുഹൃത്ത് ഉണ്ടെന്നും യുവാവ് പറഞ്ഞു. ഒടുവില്‍ സ്ത്രീ തന്നോടു മാത്രമായി ഒറ്റയ്ക്കു സംസാരിക്കണമെന്നു പറഞ്ഞു. അങ്ങനെ യുവാവ് പുറത്തേക്കു പോയി. തുടര്‍ന്ന് സ്ത്രീ പറഞ്ഞത് തനിക്കു സൗദിയിലേക്കു തിരിച്ചു പോകണമെന്നും യുവാവിനെ ഒഴിവാക്കണമെന്നുമായിരുന്നു. രണ്ടു പേര്‍ക്കും താല്‍പര്യമില്ലെങ്കില്‍ പിരിയാന്‍ താന്‍ പറഞ്ഞു. തനിക്കു സോഷ്യല്‍മീഡിയയില്‍ റീച്ചിനും വൈറലാകാനും വേണ്ടിയാണ് ഇവനെ കൂടെക്കൂട്ടിയതെന്നു സ്ത്രീ തുറന്നു പറഞ്ഞു.
സംസാരത്തിനൊടുവില്‍ ഞങ്ങള്‍ മൂന്നു പേരും തന്റെ കാറില്‍ പുറത്തു പോയി . തിരികെ വന്ന് യാത്ര പറഞ്ഞ് പിരിഞ്ഞു. രണ്ടു പേരും ഒരുമിച്ചാണ് മടങ്ങിയത്. ഇത്രയും സമയത്തിനിടയില്‍ ഞാന്‍ എങ്ങനെയാണ് ഇവരെ പീഡിപ്പിക്കുന്നത്. ? ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ആര്‍ക്കും പരിശോധിക്കാം. എനിക്കു മനസിലായത് ഈ സ്ത്രീയ്ക്കു വേണ്ടത് റീച്ചാണ്. അതിനു വേണ്ടി എന്തു കോപ്രായവും ഇവര്‍ കാണിക്കും. സത്യം ഞാന്‍ പുറത്തു കൊണ്ടു വരും. – ഷക്കീര്‍ പറഞ്ഞു.
പീഡന പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് ഷക്കീര്‍ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. ഒരാഴ്ച മുമ്പ് കൊച്ചിയിലെ ഹോട്ടലിൽ വച്ചാണ് സംഭവമെന്നും യുവതി പരാതിയിൽ പറഞ്ഞു.
Sexual assault case against vlogger 'Mallu Traveler' for molesting Saudi national