നിപ രോഗബാധ കേരളത്തില്‍ തന്നെ സ്ഥിരീകരിക്കാനാകുമെന്ന് ആരോഗ്യവകുപ്പ്. കോഴിക്കോട് റീജിയണല്‍ ലാബിലും ആലപ്പുഴ,  തോന്നയ്ക്കല്‍ ഇന്‍സ്ററിറ്റ്യൂട്ടുകളിലുമാണ് പരിശോധനാ സൗകര്യമുളളത്. പുണെ ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ചത്  ഐംസിഎംആര്‍ മാനദണ്ഡപ്രകാരമാണെന്നും പുണെയിലെ ഫലം വന്നാല്‍ മാത്രമേ രോഗബാധ പ്രഖ്യാപിക്കാന്‍ കഴിയുവെന്നും ആരോഗ്യവകുപ്പ് വിശദീകരിച്ചു. പുണെയിലേയ്ക്ക് സാംപിളുകള്‍ അയച്ചതിനു പിന്നാലെ വീഴ്ച ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു.  

 

കോഴിക്കോട് നിപ രോഗബാധ സംശയിച്ചതോടെയാണ് സാംപിളുകള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചത്. 

ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നമ്പര്‍ വണ്‍ ആരോഗ്യകേരളത്തെ പരിഹസിച്ച് ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞു. പിന്നാലെ പ്രതിപക്ഷ കക്ഷികള്‍ ഏറ്റെടുത്തു. 

 

എന്നാല്‍ ഈ ആക്ഷേപങ്ങളുടെ യാഥാര്‍ഥ്യമെന്താണ്. വൈറസ് രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ ഐസിഎംആര്‍ മാനദണ്ഡമനുസരിച്ച് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥിരീകരിക്കണം.  കേരളത്തില്‍ കോഴിക്കോട് റീജിയണല്‍ ലാബിലും , ആലപ്പുഴ , തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പരിശോധനാ  സംവിധാനമുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. പരിശോധനാ സൗകര്യമുണ്ടെന്നും മറിച്ചുളള പ്രചാരണങ്ങള്‍ തെറ്റാണെന്നും തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരും വ്യക്തമാക്കി.