പുതുപ്പള്ളിയിലെ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ സി.പി.എമ്മും ഇടതുമുന്നണിയും. സഹതാപ തരംഗമെന്നും ബി.ജെ.പി വോട്ടുചോര്‍ച്ചയെന്നുമൊക്കെ പുറമേയ്ക്ക് പറയുന്നുണ്ടെങ്കിലും തിരുത്തേണ്ടത് എന്തൊക്കെ എന്ന ചര്‍ച്ചയിലേക്ക് പാര്‍ട്ടിയും മുന്നണിയും കടക്കുകയാണ്. ഇതോടെ മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച അഭ്യൂഹങ്ങള്‍ വീണ്ടും കനത്തു.
ആദ്യം ചേരുന്നത് ഇടതുമുന്നണി യോഗം. തീയതി ഈ മാസം 20. തൊട്ടടുത്ത ദിവസം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും 22ന് സംസ്ഥാന സമിതിയും ചേരും. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവും കൗണ്‍സിലും 25, 26, 27 തീയതികളിലായാണ് നിശ്ചയിച്ചിരിക്കുന്നത്. പുതുപ്പള്ളിയിലെ കനത്ത തോല്‍വി പരിശോധിക്കുമെന്ന് നേതാക്കള്‍ ഒരേ സ്വരത്തില്‍ വ്യക്തമാക്കിയതോടെ നേതൃയോഗങ്ങളെ ചൊല്ലി ആകാംക്ഷ കനത്തു. നേരത്തെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ സി.പി.എം കമ്മീഷനെ വച്ചിരുന്നു.
പുതുപ്പള്ളിയിലെ തിരിച്ചടി കമ്മീഷനെ വച്ച് പരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുമോ എന്നാണ് അറിയേണ്ടത്. മന്ത്രി വി.എന്‍.വാസവനായിരുന്നു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് സി.പി.എം സംസ്ഥാന നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ ഭരണത്തിലെ പ്രശ്നങ്ങളും വിവാദങ്ങളുമൊക്കെ ചര്‍ച്ച ചെയ്യേണ്ടിവരും. ഇടതുമുന്നണിയിലെ ധാരണ പ്രകാരം ഒരു മാസം കൂടി കഴിഞ്ഞാല്‍ മന്ത്രിസഭാ പുനഃസംഘടന നടക്കണം. ആന്‍റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും പകരക്കാര്‍ വരുന്ന സാഹചര്യം ഉപയോഗിച്ച് സി.പി.എം മന്ത്രിമാരുടെ വകുപ്പുകള്‍ അഴിച്ചു പണിയുമോ എന്നാണ് അറിയേണ്ടത്. എന്നാല്‍ ഇക്കാര്യം നിലവില്‍ ചര്‍ച്ചയിലില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.