ഇടുക്കി ഫയല്‍ ചിത്രം (കുട്ടമ്പുഴ ഇല്ലാത്തത്)
സംസ്ഥാനത്തെ വലിപ്പമേറിയ ജില്ലയെന്ന സ്ഥാനം തിരിച്ച് പിടിച്ച് ഇടുക്കി. റവന്യൂ രേഖ അനുസരിച്ച് എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെയും ഭാഗമായിരുന്ന 12718.5095 ഹെക്ടര്‍ ഭൂമി, ഭരണ സൗകര്യത്തിനായി ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്തിലേക്ക് കൂട്ടിച്ചേര്‍ത്തതോടെയാണ് ഇടുക്കി വീണ്ടും ഒന്നാമതെത്തിയത്. പുതിയ കൂട്ടിച്ചേര്‍ക്കലോടെ ഇടുക്കിയുടെ ആകെ വിസ്തീർണം 4358ൽനിന്നു 4612 ചതുരശ്ര കിലോമീറ്ററായി വര്‍ധിച്ചു. സെപ്റ്റംബര്‍ അഞ്ചിലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം പുതിയ മാറ്റം നിലവില്‍ വന്നു.
ഇതുവരെ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന പാലക്കാടിന്റെ വിസ്തീര്‍ണം 4482 ചതുരശ്ര കിലോമീറ്ററാണ്. ഇടുക്കിക്ക് സ്ഥലം വിട്ടുനല്‍കിയതോടെ എറണാകുളം ജില്ല വിസ്തീര്‍ണത്തില്‍ ഒരു പടി ഇറങ്ങി അഞ്ചാംസ്ഥാനത്തെത്തി. വലിപ്പത്തില്‍ മൂന്നാമത് മലപ്പുറവും നാലാമത് തൃശൂരുമാണ്.
ഇടുക്കിക്ക് വലിപ്പം കൂടിയതോടെ പിഎസ്സി അടക്കമുള്ള മല്‍സര പരീക്ഷകളില്‍ കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതെന്ന ചോദ്യത്തിന് ഇടുക്കി എന്ന് തന്നെ ഉത്തരമെഴുതണം. 1997 ജനുവരി ഒന്നിന് കുട്ടമ്പുഴ വില്ലേജ് മുഴുവനായി എറണാകുളത്തേക്ക് മാറ്റിയതോടെയാണ് ഇടുക്കിയുടെ വലിപ്പം കുറയുകയും പാലക്കാട് ജില്ല ഒന്നാമതെത്തുകയും ചെയ്തത്. ഒരു പഞ്ചായത്തിന് ഒരു വില്ലേജ് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റമെന്നാണ് അധികൃതര്‍ പറയുന്നത്.
Idukki regained largest district position, Kerala