വോട്ടെണ്ണലിന്റെ എല്ലാ റൗണ്ടുകളിലും വ്യക്തമായ ലീഡോടെ ആയിരുന്നു ചാണ്ടി ഉമ്മന്റെ വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി പിന്നിൽ പോയ റൗണ്ടുകളിൽ പോലും ഇത്തവണ ചാണ്ടി കത്തിക്കയറി.
2021ൽ ജെയ്ക്.സി.തോമസിനെതിരെ ആദ്യ റൗണ്ടിൽ ഉമ്മൻചാണ്ടി നേടിയത് 1037 വോട്ടിന്റെ മുൻതൂക്കമായിരുന്നു. എന്നാൽ ഇക്കുറി 2816 വോട്ടിന്റെ ലീഡാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. പുതുപ്പള്ളിയിലെ ട്രെൻഡ് എങ്ങോട്ടാണെന്ന് ആദ്യ റൗണ്ടിൽ തന്നെ വ്യക്തം. രണ്ടാം റൗണ്ടിൽ ചാണ്ടിയുടെ ലീഡ് 2671. കഴിഞ്ഞ തവണ 521 വോട്ട് മാത്രമായിരുന്നു ഉമ്മൻചാണ്ടിക്ക് രണ്ടാം റൗണ്ടിൽ ലീഡ് നേടാനായത്. ആദ്യ രണ്ട് റൗണ്ടുകൾ ഉൾപ്പെടുന്ന അയർക്കുന്നം പഞ്ചായത്തിൽ മാത്രം ചാണ്ടി നേടിയത് 5487 വോട്ടിന്റെ മുൻതൂക്കമാണ്.
കഴിഞ്ഞ തവണ 5, 6, 7 റൗണ്ടുകളിൽ ജെയ്കിനായിരുന്നു മുൻതൂക്കം. 788, 518, 42 എന്നിങ്ങനെയായിരുന്നു അന്നത്തെ ലീഡ്. എന്നാൽ ഇക്കുറി കഥ മാറി. അഞ്ചാം റൗണ്ടിൽ 2989 വോട്ടിന്റെയും, ആറാം റൗണ്ടിൽ 2515 വോട്ടിന്റെയും മുൻതൂക്കം നേടിയ ചാണ്ടി ഏഴാം റൗണ്ടിൽ 2767 വോട്ടുകൾക്കും മുന്നിലെത്തി. അതായത് കഴിഞ്ഞ തവണ LDF മുന്നിലെത്തിയ റൗണ്ടുകളിൽ മാത്രം ഇത്തവണ UDF ലീഡ് 8,271. പന്ത്രണ്ടാം റൗണ്ടിൽ മാത്രമാണ് ചാണ്ടിയുടെ ലീഡ് 2500 ന് താഴെപ്പോയത്. അങ്ങനെ എല്ലാ റൗണ്ടുകളിലും വ്യക്തമായ മുൻതൂക്കം നേടി ജയിക്കാനായി എന്നത് ചാണ്ടി ഉമ്മനും യുഡിഎഫിനും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല