muttil

മുട്ടില്‍ മരംമുറിക്കേസില്‍ അന്വേഷണചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന താനൂര്‍ ഡിവൈഎസ്പി വി.വി ബെന്നിയുടെ ആവശ്യം സംസ്ഥാന പൊലീസ് മേധാവി തള്ളി. കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ താനൂര്‍ കസ്റ്റഡി കൊലപാതകത്തിന്റെ പേരിൽ അപകീര്‍ത്തിപ്പെടുത്താനും കേസന്വേഷണം അട്ടി മറിക്കാനും ശ്രമിക്കുന്നുവെന്നാരോപിച്ചാണ് വി.വി. ബെന്നി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നത്.

 

മുട്ടില്‍ മരംമുറിക്കേസില്‍ അന്വേഷണം തുടരാനും വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിക്കൊണ്ടാണ് ഡിവൈഎസ്പി വി.വി. ബെന്നിയുടെ ആവശ്യം സംസ്ഥാന പൊലീസ് മേധാവി നിരാകരിച്ചത്. മുട്ടിൽ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ വി.വി. ബെന്നിക്ക് സംസ്ഥാന സർക്കാർ രാഷ്ട്രീയമായ പിന്തുണ കൂടി നൽകുന്നുവെന്നാണ് ഡിജിപിയുടെ ഉത്തരവ് വ്യക്തമാക്കുന്നത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അസാധാരണ ഉത്തരവ് ദുരൂപയോഗം ചെയ്ത് മുട്ടില്‍ വില്ലേജില്‍ നിന്നു മാത്രം 300 വര്‍ഷം വരെ പഴക്കമുളള 15 കോടി രൂപയുടെ വീട്ടി തടികള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. ബത്തേരി ഡിവൈഎസ്പിയായിരിക്കെയാണ് മുട്ടില്‍ കേസിന്‍റെ അന്വേഷണചുമതല ബെന്നിക്ക് നല്‍കിയത്. പിന്നീട് സ്ഥലം മാറ്റമായെങ്കിലും അന്വേഷണചുമതലയില്‍ തുടരുകയായിരുന്നു. ഡിജിപിയുടെ നിര്‍ദേശം ലഭിച്ചതോടെ കേസിന്‍റെ അന്വേഷണം വീണ്ടും സജീവമാവുകയാണ്. താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെടുത്തി മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ തന്നേയും സേനയേയും സര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് കഴിഞ്ഞ മാസം പൊലീസ് മേധാവിക്ക് കത്ത് നല്‍കിയത്. കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാരുടെ അറസ്റ്റ് ഉള്‍പ്പെടെ നിര്‍ണായക നടപടികള്‍ ഉണ്ടായത് ബെന്നിയുടെ നേത‍ൃത്വത്തിലായിരുന്നു.മൂന്നാഴ്ചക്കകം കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന.

 

The state police chief rejected the Tanur Dysp VV Benni's demand