.jpg)
രാജ്യാന്തര സുരക്ഷാ നിലവാരം നേടി വിഴിഞ്ഞം, ബേപ്പൂര്‍, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങള്‍. ഇതോടെ വിദേശകപ്പലുകള്‍ക്ക് സാങ്കേതിക തടസങ്ങളില്ലാതെ ഈ തുറമുഖങ്ങളിലെത്താം. അംഗീകാരം ലഭിച്ചതിന്‍റെ സംസ്ഥാനതല പ്രഖ്യാപനം ബേപ്പൂരില്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു.
ഇന്‍റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ചുള്ള ISPS അംഗീകാരമാണ് സംസ്ഥാനത്തെ നാല് തുറമുഖങ്ങള്‍ക്ക് ലഭിച്ചത്. ചുറ്റുമതിലിലുള്‍പ്പെടെ സുരക്ഷയ്ക്കാവശ്യമായ എല്ലാത്തിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി തുറമുഖങ്ങളെ അതീവ സുരക്ഷാമേഖലകളായി മാറ്റിയെന്ന് ഉറപ്പാക്കിയാണ് അംഗീകാരം നല്‍കിയത്. നേട്ടം വിനോദ സഞ്ചാരമേഖലയ്ക്കും ഗുണംചെയ്യുമെന്ന് ടൂറിസം മന്ത്രി.
ആറുമാസമാണ് ആദ്യഘട്ട സുരക്ഷാ സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍ അഞ്ചുവര്‍ഷത്തേക്ക് പുതുക്കി നല്‍കും. രാജ്യാന്തര നിലവാരം നേടിയതോടെ കൂടുതല്‍ വിദേശകപ്പലുകളെത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കപ്പല്‍ ചാലിന് ആഴമില്ലാത്തത് ബേപ്പൂരില്‍ വലിയ കപ്പലുകളെത്തുന്നതിന് തടസമാകും. ആഴം കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.