നിലമ്പൂരില്‍ പൊലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ നക്സലൈറ്റ് നേതാവുമായ ഗ്രോ വാസു റിമാന്‍ഡില്‍ തുടരും. സാക്ഷി കൂറുമാറിയതോടെ കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം പന്ത്രണ്ടിലേക്ക് മാറ്റി. കോടതിയില്‍ മുദ്രാവാക്യം മുഴക്കിയാണ് ഇത്തവണയും ഗ്രോ വാസു ജയിലിലേക്ക് മടങ്ങിയത്.
നിലമ്പൂരില്‍ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് പ്രതിഷേധിച്ചതിനാണ് ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റുചെയ്യുന്നത്. കോടതി ജാമ്യം അനുവദിച്ചെങ്കിലും അത് സ്വീകരിക്കാനോ പിഴയൊടുക്കാനോ വാസു തയ്യാറായില്ല. പൊലീസ് നടപടി ഫാസിസമാണെന്ന് കുറ്റപ്പെടുത്തിയ ഗ്രോ വാസു കഴിഞ്ഞ 36 ദിവസമായി ജയിലിലാണ്. ഇന്ന് വീണ്ടും കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിച്ചെങ്കിലും വിചാരണ നീട്ടി. മെഡിക്കല്‍ കോളജ് പരിസരച്ച് കച്ചവടം നടത്തുന്ന ഏഴാം സാക്ഷി ലാലു കൂറുമാറിയതാണ് വിചാരണ നീട്ടാന്‍ കാരണം.
പ്രതിഷേധക്കാരെ തിരിച്ചറിയില്ലെന്നും പൊലീസ് നല്‍കിയ പേപ്പറില്‍ ഒപ്പിട്ടു നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് ലാലു കോടതിക്ക് മുന്നില്‍ നല്‍കിയ മൊഴി. അതേസമയം നാലാം സാക്ഷിയോട് വീണ്ടും ഹാജരാകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് ഈ മാസം 12ന് വീണ്ടും പരിഗണിക്കും. ജയിലിലേക്ക് മടങ്ങുന്നതിനിടെ ഇന്നും മുദ്രാവാക്യം മുഴക്കിയ ഗ്രോ വാസുവിനെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ജീപ്പില്‍ കയറ്റിയത്. കഴിഞ്ഞതവണ കോടതിയില്‍ ഹാജരാക്കിയ ശേഷം മടക്കിക്കൊണ്ടുപോകുമ്പോള്‍ പൊലീസ് തൊപ്പി ഉപയോഗിച്ച് വാസുവിന്‍റെ മുഖംമറച്ചാണ് ജീപ്പില്‍ കയറ്റിയത്. അന്നും മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഗ്രോ വാസുവിന്‍റെ പ്രതിരോധം. ഗ്രോ വാസുവിനെ പൊലീസ് വേട്ടയാടുകയാണെന്നാണ് ആക്ഷേപം.
Grow Vasu's remand will continue