
കാലവര്‍ഷത്തില്‍ മഴയുടെ അളവ് പകുതിയില്‍ താഴെയായി കുറഞ്ഞതിനാല്‍ കേരളത്തില്‍ വരള്‍ച്ചയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ തീവ്രവരള്ച്ചയ്ക്കും എട്ട് ജില്ലകളില്‍ കഠിന വരള്‍ച്ചയ്ക്കും സാധ്യതയുണ്ടെന്നാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷവും ദുര്‍ബലമായാല്‍ വരള്‍ച്ച രൂക്ഷമാകും.
കാലവര്‍ഷം പ്രതീക്ഷിച്ചപ്പോലെ തിമിര്ത്തുപെയ്തില്ല, മഴ മുന്‍വര്‍ഷങ്ങളേക്കാള്‍ ഗണ്യമായിക്കുറഞ്ഞു. ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ കേരളത്തില്‍ ലഭിച്ച മഴ 911.6 മില്ലി മീറ്റര്‍ മാത്രമാണ്. മഴയുടെ അളവില്‍ 48 ശതമാനത്തിന്റെ കുറവാണുണ്ടായത്. നദികളിലും അണക്കെട്ടുകളിലും ജലനിരപ്പും താഴ്ന്നു. ഇതെല്ലാം വരള്‍ച്ചയിലേക്ക് വിരല്‍ചുണ്ടുന്നു.
(വരും മാസങ്ങളില്‍ മഴ ലഭിച്ചാല്‍ വരള്‍ച്ചയുടെ രൂക്ഷത കുറയും, എങ്കിലും വരള്‍ച്ചയ്ക്ക് ശക്തമായ സാധ്യത, മുന്നൊരുക്കം നടത്തണം)
ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട്, കോട്ടയം,തൃശൂര്‍ ജില്ലകളില്‍ മഴയുടെ അളവിലെ കുറവ് 50 ശതമാനത്തിലേറെയാണ്. ഈ ജില്ലകളില്‍ തീവ്ര വരള്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡാമുകള്‍ ഏറെയുള്ള പാലക്കാട്, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളില്‍ മഴ കുറഞ്ഞത് വരള്‍ച്ചാ ഭീഷണി വര്‍ധിപ്പിക്കുന്നു. മറ്റ് എട്ടുജില്ലകളില്‍ കഠിനമായ വരള്‍ച്ചയ്ക്കും സാധ്യതയുണ്ട്. 2016ലാണ് ഒടുവില്‍ കേരളത്തില്‍ സമാന സ്ഥിതിയുണ്ടായത്.