വാഗമണിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ മൂണ്‍ മലയില്‍ കൈയ്യേറ്റമെന്ന് പരാതി. പട്ടയ ഭൂമിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വകാര്യ വ്യക്തികള്‍ അതിര് കെട്ടി തിരിച്ചതെന്നാണ് ആരോപണം. പരാതിയെ തുടര്‍ന്ന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി. 

 

ടൂറിസം സാധ്യത ഏറെയുള്ള മേഖലയാണ് മൂണ്‍മല. ഇവിടെ കോട്ടയം സ്വദേശികളായ കുഞ്ഞുമോന്‍, സിബി എന്നിവര്‍ ഭൂമി കയ്യേറിയെന്നാണ് പരാതി.  വാഗമണ്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 813ല്‍ ഉള്‍പ്പെട്ട സ്ഥലത്തെ ചൊല്ലിയാണ് ആരോപണം

 

പരാതികളും പ്രതിഷേധങ്ങളും ശക്തമായതോടെയാണ് റവന്യൂവകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. താലൂക്ക് സര്‍വേയര്‍ അടുത്ത ദിവസം സ്ഥലം അളക്കാന്‍ തീരുമാനിച്ചു. മൂണ്‍ മല ഉള്‍പ്പെടുന്ന പ്രദേശം സര്‍ക്കാര്‍ ടൂറിസം വികസന പാക്കേജിനായി കണ്ടുവെച്ച സ്ഥലമാണെന്നും കയ്യേറ്റം അടിയന്തരമായി ഒഴിപ്പിക്കണമെന്നും പീരുമേട് എംഎല്‍എയും ആവശ്യപ്പെട്ടു. അതേസമയം, കയ്യേറ്റം നടത്തിയിട്ടില്ലെന്നും കരമടയ്ക്കുന്ന ഭൂമിയാണെന്നുമാണ് ആരോപണവിധേയരുടെ വിശദീകരണം