new-born-praggu

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചരിത്രനേട്ടത്തോടെ ആദ്യമായി തൊട്ട് ഇന്ത്യ, ലോകകപ്പ് ചെസിൽ ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയ്ക്ക് സ്വർണ തിളക്കമുള്ള വെള്ളി. ഈ രണ്ട് ചരിത്രനിമിഷങ്ങള്‍ക്കിടയില്‍ അമ്മത്തൊട്ടിലില്‍ നിന്നും ലഭിച്ച കുഞ്ഞിന് അധികൃതര്‍ പേരിട്ടു. ‘പ്രഗ്യാൻ ചന്ദ്ര’. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ ഹൈടെക് അമ്മത്തൊട്ടിലിൽ നിന്നാണ് പൊക്കിൾക്കൊടി വേർപിരിയാത്ത നാലു ദിവസം മാത്രം പ്രായം തോന്നിക്കുന്ന ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ ലഭിച്ചത്. ചരിത്രനിമിഷങ്ങള്‍ക്ക് ഇടയില്‍ ലഭിച്ച കുഞ്ഞിന് അധികൃതരാണ് ഈ പേര് സമ്മാനിച്ചത്.

 

കുറിപ്പ് വായിക്കാം:

അമ്മത്തൊട്ടിലിലും ചന്ദ്ര ശോഭ; ഇരട്ട അഭിമാനത്തിന് ആദരം പേര്- പ്രഗ്യാൻ ചന്ദ്ര

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ രാജ്യത്തിന്റെ മായാ മുദ്ര പതിപ്പിച്ച ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻറിംഗിൻറെയും ചന്ദ്രനിൽ വിരിഞ്ഞ ഇന്ത്യൻ വീരഗാഥ ചതുരംഗ കളിയിൽ തുടരാനായില്ലെങ്കിലും ചെസ് ലോകകപ്പ് ഫൈനലിൽ റണ്ണറപ്പിന്റെ വെള്ളിത്തിളക്കത്തിൽ അഭിമാനത്തോടെ മടങ്ങിയെത്തിയ ചെന്നൈ സ്വദേശി ‘പ്രഗ്ഗ’ എന്ന പതിനെട്ടുകാരൻറെയും ശോഭ തിങ്ങിനിറഞ്ഞ ദിവസം സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ ഹൈടെക് അമ്മത്തൊട്ടിലിൽ പൊക്കിൾക്കൊടി വേർപിരിയാത്ത നാലു ദിവസം മാത്രം പ്രായം തോന്നിക്കുന്ന ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ ലഭിച്ചു.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ഇസ്രോ വികസിപ്പിച്ച് രാജ്യം അഭിമാനം കൊണ്ട ചാന്ദ്ര ദൌത്യമായ ചന്ദ്രയാൻ 3-ന്റെ ഭാഗമായ ഇന്ത്യൻ ചാന്ദ്ര റോവറിൻറെ ഓർമ്മയ്ക്കായും ചെസ് താരം പ്രഗ്ഗയോടുള്ള ആദരവിൻറെ സൂചനയായും വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അമ്മത്തൊട്ടിലിൽ ലഭിച്ച വിശിഷ്ടാതിഥിക്ക് പ്രഗ്യാൻ ചന്ദ്ര എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപിയാണ് വ്യക്തമാക്കിയത്.