Grovasu

പൊലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച മുന്‍ നക്സലൈറ്റ് നേതാവ് ഗ്രോ വാസുവിനെതിരായ കേസില്‍ വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കോടതി. ജാമ്യം  നിരസിച്ച വാസു 28 ദിവസമായി ജയിലില്‍ കഴിയുകയാണ്. കഴിഞ്ഞതവണ കോടതി വളപ്പില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ച വാസുവിനെ ഇത്തവണ കനത്ത സുരക്ഷയിലാണ് കോടതിയിലെത്തിച്ചത്. 

 

കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് പ്രതിഷേധിച്ചതിന്റ പേരില്‍ അറസ്റ്റ് ചെയ്തത് ഫാസിസമാണെന്നാണ് ഗ്രോവാസുവിന്റ നിലപാട്. കോടതി ജാമ്യം അനുവദിച്ചിട്ടും നിരസിച്ചതും അതുകൊണ്ടാണ്. കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ തുടങ്ങിയപ്പോഴും 93 കാരനായ ഗ്രോവാസുവിന് മാറ്റനില്ല. കുറ്റപത്രത്തെയോ സാക്ഷി മൊഴികളെയോഎതിർത്തില്ല. വിചാരണക്കിടെ ഇരിക്കാന്‍ സ്റ്റൂള്‍ നല്‍കിയെങ്കിലും നിരസിച്ചു. പ്രായമായ മനുഷ്യനാണെന്നും വിചാരണ എത്രയും വേഗംപൂർത്തിയാക്കണമെന്നും നിര്‍ദേശിച്ച കോടതി ശേഷിക്കുന്ന സാക്ഷികളോട് അടുത്തമാസം നാലിന് ഹാജരാകാൻ ആവശ്യപ്പെട്ടു. കഴിഞ്ഞതവണ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയതുകൊണ്ട്, പൊലീസ് തൊപ്പി ഉപയോഗിച്ച് വാസുവിന്റെ മുഖംമറച്ചാണ് തിരിച്ച് ജീപ്പിലേക്ക് കയറ്റിയത്.ഗ്രോവാസുവാകട്ടെ മുദ്രാവാക്യം മുഴക്കിയാണ് ഇതിനെതിരെ പ്രതികരിച്ചത്. 

 

2016 ല്‍ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ചായിരുന്നു മെഡിക്കൽ കോളേജ് മോർച്ചറി പരിസരത്തെ പ്രതിഷേധം. പൊതുജനങ്ങൾക്ക് തടസ്സം ഉണ്ടാക്കിയെന്നതാണ് കുറ്റം.