kollam

TAGS

വനംവകുപ്പില്‍ ഇക്കോടൂറിസം ഡയറക്ട്രേറ്റ് രൂപീകരിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. കൊല്ലം കുളത്തൂപ്പുഴയില്‍ വനംവകുപ്പിന്റെ പ്രകൃതിദത്ത ചരിത്ര വനം മ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാനനഭംഗി ആസ്വദിക്കാന്‍ കഴിയുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ വനംമ്യൂസിയമാണ് നാടിന് സമര്‍പ്പിച്ചത്.

 

ജൈവവൈവിധ്യം നിലനിർത്തി ഭൂപ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലാണ് മ്യൂസിയം. പ്രകൃതിയും സംസ്കാരവും ജൈവവൈവിധ്യവും സംബന്ധിച്ച വിജ്‍ഞാനം എല്ലാവർക്കും പകർന്നു നല്‍കുകയാണ് മ്യൂസിയത്തിലൂടെ. വനത്തിലെ എല്ലാവിധ മരങ്ങളെക്കുറിച്ചും പഠിക്കാം. മൃഗങ്ങളെയും പക്ഷികളെയും നിശ്ചല ദൃശ്യങ്ങളിലൂടെ അടുത്തറിയാം. ഗവേഷണങ്ങൾക്കും പരിശീലനങ്ങൾക്കും സൗകര്യമുണ്ട്. വനവൃഷങ്ങളുടെ 3D ദൃശ്യങ്ങൾ, അഞ്ച് പ്രദർശന ഹാളുകൾ, ആദിവാസി കുടിലുകൾ, നിർമിത ബുദ്ധി കേന്ദ്രം, കളിസ്ഥലം ഉള്‍പ്പെടെ ഉളളതിനാല്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നയിടമാണിത്.

 

വിനോദസഞ്ചാരത്തിനും ഊന്നൽ നൽകുന്ന രീതിയിലേക്ക് പ്രവര്‍ത്തനം മാറ്റും. വനംവകുപ്പില്‍ ഇക്കോടൂറിസം ഡയറക്ട്രേറ്റ് രൂപീകരിക്കുമെന്ന് മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് വനംമന്ത്രി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള നാച്വറൽ ഹിസ്റ്ററി മ്യൂസിയങ്ങളുമായി ബന്ധിപ്പിക്കും. തിരുവനന്തപുരം ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസിക്ക് ആണ് മ്യൂസിയത്തിന്റെ നടത്തിപ്പു ചുമതല. ഒന്‍പതരക്കോടി രൂപയാണ് മ്യൂസിയത്തിന് ചെലവഴിച്ചത്.