jacme-award

ചക്കയ്ക്ക് വലിയ ഗുണവും വിലയുമുണ്ടെന്ന് തെളിയിച്ച സംരഭകയെത്തേടി സംസ്ഥാന പുരസ്കാരം. മലപ്പുറം വണ്ടൂര്‍ സ്വദേശി കുഞ്ഞുമോള്‍ ടോമിക്കാണ് മികച്ച കയറ്റുമതി കര്‍ഷകയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ  കാര്‍ഷിക പുരസ്കാരം ലഭിച്ചത്.  ആറ് വർഷം മുന്‍പാണ് ചക്കയുടെ വിദേശ വിപണന സാധ്യത മനസ്സിലാക്കി ജാക്ക്മി എന്ന ബ്രാൻഡിൽ കുഞ്ഞുമോള്‍ സംരംഭം ആരംഭിച്ചത്. സ്വന്തം ഭൂമിയില്‍ നിന്നും സമീപ പ്രദേശങ്ങളിലെ കർഷകരിൽ നിന്നും ശേഖരിക്കുന്ന ചക്ക സംസ്കരിച്ച്  മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റും.  വർഷങ്ങൾക്ക് മുന്‍പ് നടത്തിയ വിയറ്റ്നാം യാത്രയില്‍ നിന്നാണ് ആശയം ലഭിക്കുന്നത്. അവിടെ വാക്വം ഫ്രൈ യന്ത്രമുപയോഗിച്ച് ചക്കയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.പിന്നാലെ  വിയറ്റ്നാമില്‍ നിന്ന് ഉപകരണങ്ങള്‍ എത്തിച്ച് സംരംഭം ആരംഭിച്ചു. കോവിഡ് വെല്ലുവിളിയായെങ്കിലും പതുക്കെ കരുത്താര്‍ജിച്ചു. ചക്ക ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം വിദേശ രാജ്യങ്ങളില്‍ വലിയ സ്വീകാര്യത.  എട്ട് രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ കയറ്റുമതി.  നൂറിലേറെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നു. അയല്‍ക്കാരായ സ്ത്രീകളാണ് തൊഴിലാളികളിലേറെയും. 

 

Award for Jacme startup