tree

TAGS

സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തി ആറ് വര്‍ഷത്തെ സ്മരണകളുമായി പാലക്കാട് വടവന്നൂരിലൊരു ആല്‍മര മുത്തശ്ശിയുണ്ട്. നാടും നാട്ടാരും ചേര്‍ന്ന് ഏറെ കരുതലോടെ പരിപാലിച്ച ആല്‍മരം ദേശസ്നേഹം നിറയുന്ന ഇടമാണ്. രാജ്യമെങ്ങും സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനിടെ ആല്‍മര മുത്തശ്ശിയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ആദരമൊരുക്കി. 

 

ബ്രീട്ടീഷുകാരെ തുരത്തിയ ദിവസം. അഭിമാനത്തിന്റെ ആദ്യ പുലരിയില്‍ സ്വാതന്ത്ര്യ നേട്ടം നാടാകെ തണലാകാന്‍ ഈ മണ്ണിലും വൃക്ഷ നാമ്പ് വേരുറപ്പിക്കുകയായിരുന്നു. പതിയെ പതിയെ പടര്‍ന്ന് പന്തലിച്ച് പ്രായം എഴുപത്തി ആറിലെത്തി. നാടെങ്ങും സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനിടെ ആല്‍മര മുത്തശ്ശിക്ക് ആദരവ് നല്‍കി പിറന്നാളാഘോഷം. 

 

സംസ്കൃത പണ്ഡിതനും ആയുര്‍വേദ ചികില്‍സകനുമായിരുന്ന വടക്കേപ്പാട്ട് നാരായണന്‍ നായര്‍ വടവന്നൂര്‍ വൈദ്യശാലയ്ക്ക് സമീപം നട്ടതാണ് ഈ അരയാല്‍.  വടവന്നൂര്‍ പഞ്ചായത്തിന്റെ ഒന്നര ലക്ഷം രൂപയിലാണ് ആല്‍മരത്തിന് ചുറ്റും തറ കെട്ടി സംരക്ഷണമൊരുക്കിയത്.    വടക്കേപ്പാട്ട് നാരായണന്‍ നായരുടെ മകനും അഭിഭാഷകനുമായ മധുസൂദനന്‍ നായര്‍ വിശിഷ്ടാതിഥിയായി. ജനപ്രതിനിധികളും വടക്കേപ്പാട്ട് കുടുംബാംഗങ്ങളും നാട്ടുകാരും ആല്‍വൃക്ഷ സംരക്ഷണ കൂട്ടായ്മയിലെ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.