പെട്ടിമുടിയിലെ ഉരുള്‍പൊട്ടല്‍ കൊണ്ടുപോയവരില്‍ നാല് പേരുടെ മൃതദേഹം ഇന്നും കാണാമറയത്താണ്.. അതില്‍ രണ്ട് പേര് ഒരു കുടുംബത്തില്‍ ഒന്നിച്ചുറങ്ങിയവരും.. പെട്ടിമുടി സ്വദേശി കറുപ്പായിയുടെ മകളും പേരക്കുട്ടിയുമാണ് ഇന്നും തീരാനോവായി നില്ക്കുന്നവരില് രണ്ട് പേര്..
കണ്ണേ,,, കണ്മണിയേ എന്ന് വിളിച്ച് ഓമനിച്ച് വളര്‍ത്തി കൊതിതീര്‍ന്നിരുന്നില്ല, എട്ട് വയസുള്ള പേരക്കുട്ടി പ്രിയദര്‍ശിനിയെ. അന്ത്യചുംബനം നല്കാന് പോലും മണ്ണ് ആ പിഞ്ചുശരീരം വിട്ടുകൊടുത്തില്ല.. പേരക്കുട്ടിക്കൊപ്പം കറുപ്പായിയുടെ മകള്‍ കസ്തൂരിയെയും പ്രകൃതി തിരികെ കൊടുത്തതേയില്ല. മുടങ്ങാതെ എല്ലാ മാസവും കസ്തൂരിയെയും പ്രിയദര്ശനിയെയുമെടുത്ത മണ്ണില്‍ കറുപ്പായി എത്തി തിരിതെളിയ്ക്കും.. പൂക്കളര്പ്പിയ്ക്കും.. മക്കള്‍ക്ക് ആഹാരം എന്തെങ്കിലും വെയ്ക്കും. ജൂലൈ 31ന് പ്രിയദര്‍ശിനിയുടെ പിറന്നാളായിരുന്നു. അന്നും കറുപ്പായി വന്നു പ്രാര്‍ഥിച്ചുമടങ്ങി, തോരാ കണ്ണീരുമായി.
കറുപ്പായിയുടെ കുടുബത്തെ വേരോടെ ഇളക്കിയാണ് പെട്ടിമുടിയിലെ ഉരുള്‍ ഒലിച്ചുപോയത്. ഭര്‍ത്താവും സഹോദരിയും സഹോദരനും മക്കളും പേരക്കുഞ്ഞുമടക്കം 13 പേരുടെ ജീവന് ഈ ഒരു കുടുംബത്തില്‍ നിന്ന് മാത്രം ഇല്ലാതായി.. ഭാഗ്യം കൊണ്ട് കറുപ്പായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ ഒരു മകളും സഹോദരിയുടെ മകനും മാത്രമാണ് ഈ വയോധികയ്ക്കൊപ്പം ബാക്കിയായത