kakkanad

കൊച്ചി കാക്കനാട്ടെ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ലഹരികേന്ദ്രമാക്കി സാമൂഹ്യവിരുദ്ധര്‍. കോടതികളിലെയും കലക്ട്രേറ്റിലെയും ബി.എസ്.എന്‍.എല്ലിലെയും ജീവനക്കാര്‍ താമസിക്കുന്ന കുഴിക്കാട്ടുമൂലയിലെ ക്വാര്‍ട്ടേഴ്സില്‍ കുടുംബങ്ങള്‍ ഭയപ്പാടിലാണ്. കുട്ടികളുടെയടക്കം സുരക്ഷ മുന്‍നിര്‍ത്തി വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ പൊലീസിനടക്കം പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് താമസക്കാര്‍ ആരോപിക്കുന്നു.

 

എംഡിഎംഎയും കഞ്ചാവും പിടിക്കാത്ത ഒറ്റ ദിവസം പോലുമില്ലാത്ത കൊച്ചിയില്‍ മക്കളെ കരുതി ആധിയോടെ ജീവിക്കുന്നവരില്‍ ഒരാളാണ് രാജന്‍. ഹൈക്കോടതി ഉദ്യോഗസ്ഥയായ ഭാര്യയ്ക്ക് ലഭിച്ച ക്വാര്‍ട്ടേഴ്സില്‍ മക്കള്‍ക്കൊപ്പം താമസം. കാട് നിറഞ്ഞ പ്രദേശത്ത് നൂറിലധികം ക്വാര്‍ട്ടേഴ്സുണ്ട്. ഇതില്‍ പൂര്‍ണമായി പൂട്ടിക്കിടക്കുന്ന ക്വാര്‍ട്ടേഴ്സുകളിലേക്കാണ് പുറത്തുനിന്ന് ആളെത്തുന്നത്. കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ് മോശാവസ്ഥയിലുള്ള ക്വാര്‍ട്ടേഴ്സുകളുെട പൂട്ട് തല്ലിത്തകര്‍ത്തവര്‍ ലഹരിയുടെ താവളമാക്കി ക്വാര്‍ട്ടേഴ്സുകള്‍ മാറ്റിയതോടെ രാജന്‍ ഉള്‍പ്പടെയുള്ള താമസക്കാര്‍ ഭയപ്പാടിലാണ്. 

 

അടിച്ചുപൊട്ടിച്ച കുടിവെള്ളപ്പൈപ്പിലൂടെ മൂന്നാം നിലയിലെ ക്വാര്‍ട്ടേഴ്സില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ആളനക്കം കേട്ട് എത്തിനൊക്കിയാല്‍ കയ്യില്‍ കിട്ടിയത് കൂട്ടിയിട്ട് കത്തിക്കുന്ന ചെറുപ്പക്കാരെ കാണാമെന്ന് പറയുന്നു രാജന്‍. ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി അവശേഷിപ്പിച്ചപോയ നോവില്‍ വിട്ടിലുള്ള പെണ്‍കുട്ടിയെ ഒാര്‍ത്ത് ഭയപ്പെടുന്ന അച്ഛന്‍.